ന്യൂയോർക്ക്: രണ്ടു പതിറ്റാണ്ടോളം സമൂഹ മാധ്യമ രംഗത്ത് തങ്ങൾക്ക് ശക്തരായ എതിരാളികൾ ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തി പ്രവർത്തിച്ചു വന്ന ഫെയ്‌സ്ബുക് (മെറ്റാ) കമ്പനി കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുന്നുവെന്നു സൂചന. ഇതിന്റെ ആഘാതം കുറയ്ക്കുന്നതിന്റെ ഭാഗമായി ഏകദേശം 12,000 ജോലിക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ് കമ്പനി എന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഫെയ്‌സ്ബുക്കിനു മാത്രമായി വന്നിരിക്കുന്ന പ്രശ്‌നങ്ങൾക്കു പുറമെ ടെക്‌നോളജി കമ്പനികൾ മൊത്തത്തിൽ നേരിടുന്ന പ്രശ്‌നങ്ങളും ഫെയ്‌സ്ബുക്കിനെ ബാധിച്ചിരിക്കാം.
ആഗോള തലത്തിൽ പരസ്യ മേഖലയിൽ ചെലവിടുന്ന പണം കുറഞ്ഞതാണ് ഫെയ്‌സ്ബുക് അടക്കമുള്ള കമ്പനികൾ നേരിടുന്ന പ്രശ്‌നങ്ങളിൽ പ്രധാനം. വിപണിയിലെ മാന്ദ്യം, പണപ്പെരുപ്പം തുടങ്ങിയ പ്രശ്‌നങ്ങളും കമ്പനികൾക്ക് ഉണ്ട്. മെറ്റാ കമ്പനിയുടെ ജോലിക്കാരും ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ മാർക്ക് സക്കർബർഗും തമ്മിൽ നടന്ന ചോദ്യോത്തര വേളയിലാണ് കമ്പനിയുടെ വിവിധ വിഭാഗങ്ങളിലുള്ള ഡയറക്ടർമാരോട് മോശം പ്രകടനം നടത്തുന്ന 15 ശതമാനം പേരെയെങ്കിലും കണ്ടെത്താൻ ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു. കമ്പനി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജോലിക്കാരിൽ 15 ശതമാനം പേരെ പിരിച്ചുവിടാൻ ഒരുങ്ങുന്നത്.
ഈ നീക്കത്തെക്കുറിച്ചുള്ള സൂചന കഴിഞ്ഞയാഴ്ച ഒരു മെറ്റാ ജീവനക്കാരൻ ബ്ലൈൻഡ് എന്ന ആപ്പിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ നിന്നാണ് ലഭിച്ചത്. ടെക്‌നോളജി മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രിയപ്പെട്ട ആപ്പുകളിലൊന്നാണ് ബ്ലൈൻഡ്. ഈ ആപ് മറ്റാരും അറിയാതെ ഉപയോഗിക്കാമെങ്കിലും താൻ ജോലിചെയ്യുന്ന കമ്പനിയുടെ ഇമെയിൽ അഡ്രസ് നൽകിയാൽ മാത്രമാണ് തുറന്നു കിട്ടുക.
കമ്പനിയുടെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ ജോലിയെടുക്കുന്നവരിൽ തിരഞ്ഞെടുക്കപ്പെടുന്ന 15 ശതമാനം പേരെ ആദ്യം പ്രകടനം മെച്ചപ്പെടുത്താനുള്ള ‘പരിശീലന’ത്തിനുള്ള വിഭാഗത്തിലേക്ക് മാറ്റും. തുടർന്ന് പിരിച്ചുവിടുമെന്നാണ് കരുതപ്പെടുന്നത്. ‘സഹായം ആവശ്യമുള്ളവർ’ എന്ന വിഭാഗത്തിൽ പെടുന്ന ജോലിക്കാർ പൊതുവെ മോശം പ്രകടനം നടത്തുന്നവരായിരിക്കുമെന്നു പറയുന്നു. ഇത്രയധികം ആളുകളുടെ പ്രകടനം തൃപ്തികരമല്ലെന്നു കണ്ടെത്തിക്കഴിഞ്ഞ് അവർക്ക് കമ്പനിക്കുള്ളിൽ തന്നെ മറ്റൊരു പോസ്റ്റിലേക്ക് മാറാനുള്ള അവസരം നൽകിയേക്കും.
ഇതിന് 30 ദിവസമായിരിക്കും സമയം നൽകുക. മറ്റു പോസ്റ്റുകളിലേക്ക് മാറാൻ താത്പര്യമില്ലാത്തവരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടേക്കുമെന്നാണ് മെറ്റാ ഉദ്യോഗസ്ഥൻ പറയുന്നത്. ചുരുക്കിപ്പറഞ്ഞാൽ വലിയ ബഹളമില്ലാത്ത പിരിച്ചുവിടലാണ് മെറ്റാ പ്ലാൻ ചെയ്യുന്നതെന്നു കാണാം.
പുതിയ ജോലിക്കാരെ എടുക്കുന്നത് തത്കാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച മെറ്റാ അറിയിച്ചിരുന്നു. ആഗോള തലത്തിൽ വന്നേക്കാവുന്ന സാമ്പത്തിക തകർച്ചയെ കുറിച്ചുള്ള ഭീതി അടക്കമുള്ള കാരണങ്ങളാണ് ഇതിനുള്ള കാരണമായി പറഞ്ഞിരിക്കുന്നത്. ആപ്പിൾ, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ കമ്പനികളും മെറ്റാ തെളിച്ച വഴിയെ താമസിയാതെ നീങ്ങിയേക്കുമെന്നാണ് പലരും കരുതുന്നത്.
സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ലോകം ഇതിനോടകം കരകയറുമെന്നാണ് താൻ കരുതിയിരുന്നതെന്നും അതു സംഭവിക്കാത്തതിനാൽ കൂടുതൽ നിയന്ത്രണത്തോടെ കമ്പനിക്ക് മുന്നോട്ടുപോകാനാകൂ എന്നുമാണ് സക്കർബർഗിന്റെ നിലപാട്. മിക്ക വിഭാഗത്തിലും ആളുകളെ കുറയ്ക്കും. ജോലിക്കെടുക്കാൻ പദ്ധതിയിട്ടിരുന്ന 30 ശതമാനം എൻജിനീയർമാരെ എങ്കിലും എടുത്തേക്കില്ല. നിലവിലുള്ള പല വിഭാഗങ്ങളിലെയും ജീവനക്കാരെ കുറയ്ക്കാനാണ് കമ്പനി ഒരുങ്ങുന്നത്. അതേസമയം, മറ്റു പല മേഖലകളിലും വികസനത്തിനുള്ള സാധ്യത ആരായുകയും ചെയ്‌തേക്കും.
അതേസമയം, ന്യൂയോർക്കിലെ 225 പാർക് അവന്യു സൗത് ഓഫിസ് ഒഴിവാകുകയാണെന്ന് ഫെയ്‌സ്ബുക് വക്തവാവ് പറഞ്ഞു എന്ന് ദി ഡെയ്‌ലി മെയിൽ റിപ്പോർട്ടു ചെയ്യുന്നു. ഇതുപോലെ 770 ബ്രോഡ്‌വെയിലെ ഓഫിസിനായി നടന്നുവന്നിരുന്ന വികസനപ്രവർത്തനങ്ങളുടെ പണി നിർത്തിവച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 300,000 ചതുരശ്ര അടിയുള്ള കെട്ടിടത്തിന്റെ പണിയാണ് നിർത്തിവച്ചിരിക്കുന്നത്.
സമൂഹ മാധ്യമ ബിസിനസിന്റെ പാതയിൽ നിന്ന് മാറി മെറ്റാവേഴ്‌സിലേക്കു പോകാനുള്ള ശ്രമത്തിലായിരുന്നു മെറ്റാ. ഇതിനായി കമ്പനിയുടെ പേരു പോലും അർഥശങ്കയ്ക്കിടയില്ലാത്ത തരത്തിൽ മെറ്റാ എന്നാക്കി മാറ്റി. എന്നാൽ, തങ്ങളുടെ വെർച്വൽറിയാലിറ്റി സോഷ്യൽ നെറ്റ്‌വർക്ക് ആപ്പായ ‘ഹൊറൈസൺ വേൾഡ്‌സ്’ ആളുകൾക്ക് കൺഫ്യൂഷൻ ഉണ്ടാക്കുകയാണെന്ന് കമ്പനി കണ്ടെത്തി. ഇതോടെ, മെറ്റാ കമ്പനിയിലെ ജോലിക്കാരോട് തന്നെ മെറ്റാവേഴ്‌സിൽ കൂടുതൽ സമയം ചെലവിടണമെന്ന് കമ്പനി അഭ്യർഥിച്ചിരിക്കുകയാണെന്ന് ദി വെർജ് റിപ്പോർട്ടു ചെയ്യുന്നു.