അഫ്​ഗാൻ ലഹരി ഉത്പാദനം വർദ്ധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്, ലക്ഷ്യം ഇന്ത്യൻ വിപണിയെന്നും സൂചന

Advertisement

കാബൂൾ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ട് അഫ്ഗാനിസ്ഥാനിലെ കറുപ്പുകൃഷി (ഓപ്പിയം) കോവിഡിനു ശേഷം 37% വർധിപ്പിച്ചതായി ഇന്റർനാഷനൽ നർകോട്ടിക് കൺട്രോൾ ബോർഡ് (ഐഎൻസിബി) മുന്നറിയിപ്പു നൽകി. ഐക്യരാഷ്ട്ര സംഘടനയുടെ ഓഫിസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം വാർഷിക പഠനറിപ്പോർട്ടിനെ ഉദ്ധരിച്ചാണിത്.

താലിബാൻ ഭരണകൂടം വ്യാപകമായി അനുവദിച്ച കറുപ്പുകൃഷി ലൈസൻസ് ഔഷധനിർമാണ ആവശ്യത്തിന്റെ മറവിൽ ദുരുപയോഗിച്ചാണു വൻതോതിൽ ലഹരിമരുന്ന് ഉൽപാദിപ്പിച്ച് ഇന്ത്യയും ശ്രീലങ്കയും അടക്കമുള്ള രാജ്യങ്ങളിലേക്കു കടത്തുന്നത്. സമീപകാലത്തു കൊച്ചിയിലും മുംബൈയിലും നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടം അഫ്ഗാനിസ്ഥാനാണെന്നു കണ്ടെത്തിയിരുന്നു. 2020 നു ശേഷം അഫ്ഗാനിൽ നിന്നുള്ള ലഹരിയുടെ ആഗോളവ്യാപനം സംബന്ധിക്കുന്ന പ്രത്യേക പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഐഎൻസിബി മുന്നറിയിപ്പു നൽകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പിടികൂടിയ ലഹരിമരുന്നിന്റെ 55% അഫ്ഗാനിൽ നിന്നുള്ളതായിരുന്നു. ഇന്ത്യയിൽ കഴിഞ്ഞ വർഷം പിടികൂടിയ ലഹരിയുടെ 88% അഫ്ഗാനിൽനിന്നാണ്.

ലഹരിവിരുദ്ധ ഏജൻസികൾ പിടികൂടുന്ന ലഹരിവസ്തുക്കൾ, പ്രോസിക്യൂഷൻ നടപടികൾക്കു ശേഷം നശിപ്പിച്ചു കളയണമെന്നാണു ചട്ടം. എന്നാൽ പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കൾ, ലഹരികടത്തു സംഘങ്ങൾക്കുതന്നെ മറിച്ചു വിൽക്കുന്ന ഉദ്യോഗസ്ഥ ലോബി ഇന്ത്യയിലും സജീവമായിരുന്നു. ഇത്തരം ഉദ്യോഗസ്ഥരെ എൻഫോഴ്സ്മെന്റ് ഏജൻസികളിൽ നിന്ന് ഇപ്പോൾ മാറ്റിനിർത്തിയിട്ടുണ്ട്.

Advertisement