മാഡ്രിഡ്: ഇന്ത്യൻ സമ്പദ് വ്യവസ്ഥയെക്കുറിച്ച് സ്പാനിഷ് പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനം വിവാദമായി. സ്പാനിഷ് പത്രമായ ലാ വാൻഗ്വാർഡിയയുടെ ഒന്നാം പേജാണ് ഇന്ത്യൻ സാമ്പത്തിക വളർച്ചയെക്കുറിച്ച് വിശദീകരിക്കാൻ മാറ്റിവച്ചത്.
‘ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മണിക്കൂർ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒരു പാമ്പാട്ടിയുടെ കാരിക്കേച്ചറോടു കൂടിയാണ് പ്രസിദ്ധീകരിച്ചത്.
സെരാധയുടെ സ്ഥാപകനും സി.ഇ.ഒയുമായ നിതിൻ കാമത്ത് ട്വിറ്ററിൽ പങ്കുവച്ച ചിത്രം ചൂടേറിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ”ലോകം ശ്രദ്ധിക്കുന്നത് രസകരമായ ഒരു കാര്യമാണ്. എന്നാൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഒരു പാമ്പാട്ടിയെ ഉപയോഗിച്ചത് തികച്ചും അപമാനകരമാണ്” കാമത്ത് ട്വീറ്റ് ചെയ്തു. ലേഖനത്തിനെതിരെ ബി.ജെ.പിയും രംഗത്തുവന്നു.” ഇന്ത്യയുടെ ശക്തമായ സമ്പദ് വ്യവസ്ഥയ്ക്ക് ആഗോള അംഗീകാരം ലഭിക്കുന്ന ഇക്കാലത്ത്, സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്ത്യയുടെ ചിത്രം പാമ്പാട്ടിയിലൂടെ കാണിക്കുന്നത് വിഡ്ഢിത്തമാണ്” ബാംഗ്ലൂർ സെൻട്രലിൽ നിന്നുള്ള ബി.ജെ.പി എംപിയുടെതാണ് വിമർശനം. ലേഖനത്തിൻറെ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു. വിദേശ ചിന്തകൾ മാറ്റുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ബി.ജെ.പി എം.പി പറഞ്ഞു.
ആഗോളതലത്തിൽ ഇന്ത്യ ആഗോള ഉൽപന്നങ്ങൾ സൃഷ്ടിക്കുമ്പോൾ മാത്രമേ പാമ്പാട്ടി പ്രതിച്ഛായ ഇല്ലാതാകൂ എന്ന് ഒരു യൂസർ കുറിച്ചു. ഇന്ത്യ പാമ്പുകളുടെയും പാമ്പാട്ടികളുടെയും നാടായതിൽ അഭിമാനിക്കൂ എന്നാണ് മറ്റൊരാളുടെ അഭിപ്രായം. എന്നാൽ ഇതിൽ തെറ്റൊന്നും കാണുന്നില്ലെന്നാണ് മറ്റ് ചിലർ അഭിപ്രായപ്പെട്ടത്.