കാനഡയില്‍ അവസരങ്ങളുടെ പൂക്കാലം, ഇന്ത്യക്കാര്‍ക്ക് അവസരം ഏറെ

Advertisement

കാനഡയിലേക്ക് കുടിയേറാനും സ്ഥിരതാമസമാക്കാനും താല്‍പ്പര്യപ്പെടുന്ന ഇന്ത്യക്കാര്‍ ശ്രദ്ധിക്കുക, പൗരത്വവുമായി വിദേശികളെ രാജ്യം കൈമാടി വിളിക്കുന്നു.
2022-2023 സാമ്ബത്തിക വര്‍ഷത്തില്‍ മൂന്ന് ലക്ഷം ആളുകള്‍ക്ക് പൗരത്വം നല്‍കാന്‍ കാനഡ ലക്ഷ്യമിടുന്നതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കാര്‍ക്ക് ഈ തീരുമാനം ഏറെ പ്രയോജനം ചെയ്യും എന്നാണ് കരുതപ്പെടുന്നത്.

2023 മാര്‍ച്ച് 31 ഓടെ 3 ലക്ഷം പുതിയ പൗരത്വ അപേക്ഷകള്‍ പരിഗണിക്കുമെന്നും 285,000 എണ്ണത്തില്‍ തീരുമാനം എടുക്കുമെന്നും ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്റ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) മെമ്മോയില്‍ ശുപാര്‍ശ ചെയ്യുന്നതായി എഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

അപേക്ഷ അവലോകനം ചെയ്യുന്നതിനെയാണ് തീരുമാനമെടുക്കല്‍ എന്ന് പറയുന്നത്. അവലോകനത്തിന് ശേഷം അപേക്ഷ അംഗീകരിക്കുകയോ നിരസിക്കുകയോ അപൂര്‍ണ്ണമാണെന്ന് രേഖപ്പെടുത്തുകയോ ചെയ്യും. എന്നാല്‍ പൗരത്വം നല്‍കാന്‍ ലക്ഷ്യമിടുന്നത് 3 ലക്ഷം പേര്‍ക്കാണ്. തുടര്‍ന്ന് അപേക്ഷ അംഗീകരിച്ച ഇത്രയും പേര്‍ നേരിട്ടോ വെര്‍ച്വലായോ പൗരത്വ പ്രതിജ്ഞ എടുക്കണം.

കൊറോണ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്ക് ശേഷം കാനഡയിലേക്ക് ജോലിക്ക് പോകാനും കുടിയേറാനും ശ്രമിക്കുന്നവര്‍ക്ക് ആശ്വാസമാകുന്ന വിവിധ നടപടികളും ഇതോടൊപ്പം കനേഡിയന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്. അവലോകനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന അപേക്ഷകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതാണ് ഇതില്‍ ഒന്ന്. 2019-20 കാലയളവില്‍ 253,000 പൗരത്വ അപേക്ഷകളാണ് കാനഡ പരിഗണിച്ചത്. ഇതില്‍ നിന്ന് ഇത്തവണ 30000-ത്തില്‍ അധികം വര്‍ധനയാണ് വരുത്തിയിട്ടുള്ളത്. ഇതോടൊപ്പം വര്‍ഷാവസാനത്തോടെ 18 വയസ്സില്‍ താഴെയുള്ളവര്‍ക്കും പൗരത്വത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ ഇതുവരെ 116,000 പേര്‍ക്കാണ് കാനഡ പൗരത്വം നല്‍കിയത്. ഇതേ നിരക്കില്‍ മുന്നോട്ടു പോയാന്‍ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. 2021-ല്‍ ഇതേ കാലയളവില്‍ 35,000 പേര്‍ക്ക് മാത്രമായിരുന്നു പൗരത്വം നല്‍കിയത്.

രാജ്യങ്ങള്‍ക്ക് പ്രത്യേക ക്വാട്ട ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഇന്ത്യക്കാര്‍ക്ക് വലിയ തോതില്‍ പുതിയ തീരുമാനം പ്രയോജനപ്പെടും എന്നാണ് കരുതപ്പെടുന്നത്. നിലവില്‍, കാനഡയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ പ്രമുഖ സ്ഥാനം ഇന്ത്യക്കാര്‍ക്കുണ്ട്. നടപ്പു വര്‍ഷം ഏറ്റവും കൂടുതല്‍ പൗരത്വം ലഭിക്കാന്‍ പോകുന്നത് ഇന്ത്യക്കാര്‍ക്കാണ്.

പൗരത്വം ലഭിക്കാതെയും ജോലിക്കും പഠനത്തിനുമായി കാനഡയിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ നിരവധിയാണ്. കഴിഞ്ഞ വര്‍ഷം, ഇത്തരത്തില്‍ താല്‍ക്കാലിക തൊഴില്‍ അനുമതി ലഭിച്ച ഒരു ലക്ഷം ഇന്ത്യക്കാരാണ് കാനഡയില്‍ ജോലിക്കെത്തിയത്. ഇന്റര്‍നാഷനല്‍ മൊബിലിറ്റി പ്രോഗ്രാം അനുസരിച്ച് 130,000-ത്തോളം പേര്‍ക്കും ജോലി ലഭിച്ചു. 2021 ഡിസംബറിലെ കണക്ക് അനുസരിച്ച് 217, 410 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കാനഡയില്‍ ഉള്ളത്. പതിനഞ്ച് ലക്ഷത്തോളമാണ് കാനഡയിലെ ഇന്ത്യന്‍ വംശജരുടെ ആകെ ജനസംഖ്യ.

കാനഡയിലെ പല മേഖലകളിലും തൊഴിലാളി ക്ഷാമം നേരിടുന്നതിനാല്‍, മറ്റു രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന സാഹചര്യം തുടരും. ഇതും ഇന്ത്യക്കാര്‍ക്ക് ഗുണം ചെയ്യും. നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനും കെട്ടിക്കിടക്കുന്ന, തീരുമാനമാകാത്ത അപേക്ഷകള്‍ പരിഗണിച്ച് തീര്‍പ്പാക്കാനും 1000 പുതിയ ജീവനക്കാരെ കൂടി നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് കനേഡിയന്‍ സര്‍ക്കാര്‍.

Advertisement