ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. അധികാരമേറ്റ് 45ാം ദിവസമാണ് രാജി. ജനാഭിലാഷം പാലിക്കാനായില്ലെന്ന് ട്രസ് പറഞ്ഞു.
യു.കെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ രാജി എന്നതും ശ്രദ്ധേയമാണ്. നേരത്തെ ലിസ് ട്രസ് സർക്കാറിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ യു.കെയിലെ പ്രതിപക്ഷ പാർട്ടികളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. ഭരണപക്ഷത്തെ ചിലരും വിമർശനവുമായി രംഗത്തെത്തിയിരുന്നു.
നേരത്തെ ഇന്ത്യൻ വംശജയും ബ്രിട്ടീഷ് ആഭ്യന്തര മന്ത്രിയുമായി സുവല്ലെ ബ്രേവർമാൻ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഔദ്യോഗിക രേഖ സ്വകാര്യ ഇ-മെയിൽ വഴി മറ്റൊരും എം.പിക്ക് അയച്ചതാണ് സുവെല്ലക്ക് തിരിച്ചടിയായത്. പ്രസിദ്ധീകരിക്കാത്ത ഔദ്യോഗിക രേഖ മുതിർന്ന എം.പിക്ക് സ്വകാര്യ ഇ-മെയിൽ വഴി കൈമാറി ചട്ടലംഘനം നടത്തിയതിനാലാണ് ബ്രേവർമാന്റെ സ്ഥാനം ചലിച്ചത്.
കഴിഞ്ഞയാഴ്ച തെറ്റായ സാമ്പത്തിക പരിഷ്കാരങ്ങളെ തുടർന്ന് ധനമന്ത്രി ക്വാസി ക്വാർട്ടെങ്ങിനെയും പുറത്താക്കിയിരുന്നു.ബ്രിട്ടനിൽ പണപ്പെരുപ്പം കഴിഞ്ഞ 40 വർഷത്തെ ഉയർന്ന നിരക്കായ 10.1 ശതമാനത്തിലേക്ക് എത്തിയിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രതീക്ഷിച്ചതിന്റെ അഞ്ചിരട്ടിയാണിത്.