മനില: പരീക്ഷയിലെ കോപ്പി അടി ലോകവ്യാപകമാണ്, കണ്ടെഴുത്ത് തടയാന്‍ ‘ആന്റി-ചീറ്റിങ്’ തൊപ്പികൾ ധരിച്ച് പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങൾ കീഴടക്കുന്നത്. ഇനി ഇതെങ്ങാനും നമ്മുടെ യൂണിവേഴ്സിറ്റികള്‍ കോപ്പി അടിക്കുമോ എന്നും ആശങ്കയുണ്ട്.
ഫിലിപ്പൈനിൽ നിന്നുള്ള ചിത്രങ്ങളാണ് വൈറലായത്.
ബികോൽ യൂനിവേഴ്സിറ്റി കോളജ് ഓഫ് എഞ്ചിനീയറിങ്ങിലെ മെക്കാനിക്കൽ എഞ്ചിനീയർ പ്രഫസർ മേരി ജോയ് മൻഡെയ്ൻ ഒർടിസ് ആണ് ഫേസ്ബുക്കിൽ വിദ്യാർഥികൾ തൊപ്പി ധരിച്ച ചിത്രങ്ങൾ പങ്കുവെച്ചത്.

ലെഗാസ്പി സിറ്റിയിലെ എഞ്ചിനീയറിങ് കോളജ് വിദ്യാർഥികളോട് അവർ പരീക്ഷയിൽ മറ്റുള്ളവരുടെ പേപ്പറിലേക്ക് നോക്കാതിരിക്കാൻ തലയിൽ തൊപ്പിധരിച്ച് വരാൻ ആവശ്യപ്പെടുകയായിരുന്നു. കുട്ടികൾ വീട്ടിൽ നിന്ന് കാർഡ് ബോർഡുകൊണ്ടും മറ്റും ഉപയോഗിച്ച് സ്വയം നിർമിച്ച തൊപ്പികളാണ് ധരിച്ചിരിക്കുന്നത്. ചിത്രം പെട്ടെന്ന് വൈറലാവുകയും മറ്റ് കോളജുകൾ ഉൾപ്പെടെ ഇതേ മാതൃക പിന്തുടരുകയുമായിരുന്നു.
പരീക്ഷയിൽ സത്യസന്ധത നിലനിർത്താനാണ് താൻ വിദ്യാർഥികളോട് തൊപ്പി ധരിച്ച് വരാൻ ആവശ്യപ്പെട്ടതെന്ന് പ്രഫസർ മേരി ജോയ് മൻഡെയ്ൻ ഒർടിസ് പറഞ്ഞു. ലളിതമായ കാർഡ് ബോർഡ് തൊപ്പികളാണ് നിർമിക്കാൻ പറഞ്ഞത്. പലരും വളരെ ക്രിയാത്മകമായി തൊപ്പികൾ ഉണ്ടാക്കിയിട്ടുണ്ടെന്നും പ്രഫസർ പറഞ്ഞു. തായ്‍ലന്റിൽ വർഷങ്ങൾക്ക് മുമ്പ് ഉപയോഗിച്ച വിദ്യയാണിതെന്നും പ്രഫസർ കൂട്ടിച്ചേർത്തു. വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചാണ് വ്യാപകമായി ഇത്തരം തൊപ്പികള്‍ ധരിച്ചതെന്ന അഭിപ്രായവുമുണ്ട്.