കൂടുതൽ കുട്ടികൾ വേണം, പുതിയ പാർട്ടി അംഗത്തിന് ഉപദേശവുമായി എർദോഗൻ

Advertisement

അങ്കാറ: പാർട്ടി നേതാവിനോടും ഭാര്യയോടും കൂടുതൽ കുട്ടികൾ ഉണ്ടാകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ട് തുർക്കി പ്രസിഡന്റ് രജബ് തയ്യിബ് എർദോഗൻ.

അടുത്തിടെ എർദോഗന്റെ ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടിയിൽ ചേർന്ന തുർക്കി നാഷണൽ അസംബ്ലി അംഗം മെഹ്മെത് അലി സെലിബിയോടും ഭാര്യയോടുമായിരുന്നു എർദോഗന്റെ ഉപദേശം. സംഭവം വലിയ വിവാദത്തിനാണ് വഴി തെളിച്ചിരിക്കുന്നത്.

സെലിബിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തതിന് ശേഷമാണ് എത്ര കുട്ടികൾ ഉണ്ടെന്ന് അന്വേഷിക്കുന്നത്. ഒരു കുട്ടിയാണെന്നായിരുന്നു മറുപടി. ഇതിന് പിന്നാലെയാണ് അഞ്ച് മുതൽ പത്ത് കുട്ടികളെങ്കിലും ഉണ്ടാകണമെന്ന് എർദോഗൻ പറയുന്നത്. തങ്ങളുടെ പാർട്ടിയുമായി ബന്ധമുള്ള ആളുകൾക്കെല്ലാം അഞ്ചിൽ കൂടുതൽ കുട്ടികളഉണ്ടെന്നും എർദോഗൻ വാദിക്കുന്നു.

എർദോഗന്റെ ഉപദേശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. നേരത്തേയും സമാനമായ രീതിയിലുള്ള പ്രസ്താവനകൾ എർദോഗൻ നടത്തിയിട്ടുണ്ട്. സ്ത്രീകളുടെ പ്രധാന ജോലി കുഞ്ഞുങ്ങളെ പ്രസവിക്കുക എന്നതാണെന്നായിരുന്നു എർദോഗന്റെ കണ്ടെത്തൽ. കുഞ്ഞുങ്ങൾ ഉണ്ടായില്ലെങ്കിൽ ഒരു സ്ത്രീയുടെ ജീവിതം അപൂർണ്ണമാണെന്നും, ധാരാളം കുട്ടികൾ ഉണ്ടാകാൻ ശ്രമിക്കണമെന്നുമാണ് ഇയാൾ പറഞ്ഞത്.