ബ്രിട്ടീഷ് രാജ്ഞിയേക്കാൾ സമ്പന്ന, പ്രധാനമന്ത്രിയുടെ ഭാര്യയുടെ വിശേഷണം ഇത്

Advertisement

ലണ്ടൻ: ബ്രിട്ടന്റെ ഭരണത്തിന്റെ താക്കോൽ ഇനി ഇന്ത്യൻ വംശജനും ബോറിസിന്റെ മന്ത്രിസഭയിലെ ധനമന്ത്രിയുമായിരുന്ന ഋഷി സുനാകിന്റെ കൈയിൽ. സാമ്പത്തിക പ്രതിസന്ധിയിൽ ആടിയുലയുന്ന ബ്രിട്ടനെ പിടിച്ചുനിർത്തുക എന്നൊരു വലിയ ഉത്തരവാദിത്തവും ഇതിനൊപ്പം ഋഷിയുടെ ചുമലിൽ വന്നുചേരുന്നുണ്ട്.

ഋഷിയുടെ പത്‌നി അക്ഷതാ മൂർത്തിക്ക് ഈ വാർത്ത ദീപാവലി ദിനത്തിൽ ഇരട്ടി മധുരം നൽകുന്നു. ഇന്ത്യൻ ബഹുരാഷ്ട്രകമ്പനിയായ ഇൻഫോസിസ് സഹസ്ഥാപകരായ നാരായണ മൂർത്തിയുടെയും സുധാ മൂർത്തിയുടെയും മകളായ അക്ഷത ഉയർച്ചയിലും താഴ്ചയിലും ഋഷിക്കൊപ്പം നിന്നവളാണ്. ഭർത്താവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും അക്ഷതയുണ്ടായിരുന്നു.

ഋഷിയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതു മുതൽ അക്ഷതയും വാർത്തകളിലുണ്ട്. ഗൂഗിളിൽ ഋഷിക്കൊപ്പം അക്ഷിതയുടെ പേരും ആളുകൾ ‘സേർച്ച്’ ചെയ്തു. ഇതിനൊപ്പം വിവാദങ്ങളും അക്ഷതയുടെ പേരിനൊപ്പം ചേർന്നു. ഇതിലൊന്ന് ഋഷിയെ കാത്തുനിന്ന മാധ്യമപ്രവർത്തകർക്ക് അക്ഷത നൽകിയ ചായക്കപ്പുകളായിരുന്നു.

ധനമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഡൗണിങ് സ്ട്രീറ്റിലെ 11-ാം നമ്പർ വസതി ഒഴിഞ്ഞ് ഋഷി ലണ്ടനിലെ കുടുംബവീട്ടിലെത്തിയിരുന്നു. ഇവിടെ കാണാനെത്തിയ മാധ്യമപ്രവർത്തകർക്ക് മുന്നിലേക്കാണ് ചായയും ബിസ്‌ക്കറ്റുമായി അക്ഷത എത്തിയത്. എന്നാൽ ഈ ചായകപ്പുകളിൽ ‘എമ്മ ലേസി’ എന്ന ബ്രാൻഡിന്റെ പേര് ഉണ്ടായിരുന്നു. ഈ ഓരോ കപ്പിനും 3624.53 രൂപയാണ് വില. അതായത് 38 പൗണ്ട്.

ഇതോടെ അക്ഷതയ്ക്കും ഋഷിക്കുമെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ പ്രത്യക്ഷപ്പെട്ടു. 38 പൗണ്ടു കൊണ്ട് ഒരു കുടുംബത്തിന് ഒരു ദിവസം ഭക്ഷണം കഴിക്കാമെന്നും അമിത നികുതിയും കുത്തനെ ഉയരുന്ന ജീവിതച്ചിലവും ബ്രിട്ടനെ ഞെരുക്കുമ്പോഴാണോ ഇത്തരം ആഡംബരം എന്നതും ട്രോളുകളുടെ വിഷയമായി. ഈ ചായ കൊടുക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

ഇതിന് പിന്നാലെ അക്ഷത നികുതി അടക്കുന്നതുമായി ബന്ധപ്പെട്ടും വിവാദമുയർന്നു. രാജ്യത്തിനു പുറത്തുനിന്നുള്ള വരുമാനത്തിന് അക്ഷത നികുതിയടയ്ക്കുന്നില്ലെന്നതായിരുന്നു വിവാദത്തിന് കാരണം. ബ്രിട്ടനിൽ സ്ഥിരതാമസപദവിയില്ലാത്ത അക്ഷതയ്ക്ക് പുറത്തുനിന്നുള്ള വരുമാനത്തിന് നികുതിയിളവുണ്ടായിരുന്നു. ഈ ഇളവ് ഋഷി സുനാക് മുതലെടുക്കുന്നുവെന്നായിരുന്നു ലേബർ പാർട്ടിയുടെ ആരോപണം. തുടർന്ന് തന്റെ വിദേശ വരുമാനങ്ങൾക്കും ബ്രിട്ടനിലെ നിയമം അനുസരിച്ചുള്ള നികുതി അടയ്ക്കുമെന്ന് വ്യക്തമാക്കി അക്ഷത രംഗത്തെത്തി.

ബ്രിട്ടനിലെ രാജ്ഞിയേക്കാൾ സമ്പന്നയാണ് അക്ഷതയെന്നാണ് വാർത്താ ഏജൻസിയായ എഎഫ്പിയുടെ റിപ്പോർട്ടിൽ പറയുന്നത്. 42-കാരിയായ അക്ഷതയ്ക്ക് ഇൻഫോസിസിൽ നൂറു കോടിയിൽ അധികം ഡോളർ വിലമതിക്കുന്ന ഓഹരിയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സൺഡേ ടൈംസിന്റെ 2021-ലെ ധനികരുടെ പട്ടികപ്രകാരം ബ്രിട്ടീഷ് രാജ്ഞിയുടെ സമ്പാദ്യം 46 കോടി ഡോളർ മാത്രമാണ്.

അച്ഛന്റേയും ഭർത്താവിന്റേയും പേരിൽ അറിയപ്പെടാൻ ഒരിക്കലും ആഗ്രഹിക്കാത്ത വ്യക്തിയാണ് അക്ഷത. സ്വന്തമായി ഫാഷന്റെ ഒരു ലോകം അവർ കെട്ടിപ്പടുത്തിട്ടുണ്ട്. കുട്ടിക്കാലം മുതൽ ഫാഷൻ ഡിസൈനിങ്ങിനോട് താത്പര്യമുണ്ടായിരുന്ന അവർ ഇന്ത്യയിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം അമേരിക്കയിലേക്ക് വിമാനം കയറി. കാലിഫോർണിയയിലെ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനവും തിരഞ്ഞെടുത്തു. അതിനുശേഷം സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ എം.ബി.എ. ചെയ്തു.

സ്റ്റാൻഫോർഡിലെ പഠനത്തിനിടയിലാണ് ഋഷി സുനാക്കിനെ അക്ഷത പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വളരുകയായിരുന്നു. പക്ഷേ അക്ഷതയ്ക്ക് പ്രണയം വീട്ടിൽ പറയാൻ പേടിയായിരുന്നു. മരുമകനെ കുറിച്ചോർത്ത് ആധി പിടിച്ച് നടക്കുന്ന അച്ഛനോട് എന്തുപറയും എന്നായിരുന്നു അക്ഷതയുടെ മനസ്സിൽ. ഋഷിയെ അച്ഛൻ സ്വീകരിക്കുമോ എന്നതായിരുന്നു സംശയം.

പക്ഷേ പേടിച്ചതുപോലെയൊന്നും സംഭവിച്ചില്ല. ആദ്യ കാഴ്ചയിൽതന്നെ ഋഷിയെ നാരായണമൂർത്തിക്ക് ഇഷ്ടമായി. 2009 ഓഗസ്റ്റ് 13-ന് ഇരുവരും ബെംഗളൂരുവിലെ ലീലാ പാലസ് ഹോട്ടലിൽവെച്ച് വിവാഹിതരായി. ഇരുവർക്കും രണ്ട് കുഞ്ഞുങ്ങളാണുള്ളത്. കൃഷ്ണയും അനൗഷ്‌കയും.

അക്ഷതയുടെ മാതാപിതാക്കളുടെ നേട്ടങ്ങളിൽ അഭിമാനം കൊള്ളുന്നതായി ഋഷി നേരത്തെ പറഞ്ഞിരുന്നു. ഒന്നുമില്ലായ്മയിൽനിന്നാണ് അക്ഷതയുടെ അച്ഛൻ തുടങ്ങിയതെന്നും സ്വപ്നം മാത്രമായിരുന്നു അവരുടെ കൈമുതലെന്നും ഋഷി വ്യക്തമാക്കിയിരുന്നു. ‘അമ്മയുടെ നിക്ഷേപത്തിലുണ്ടായിരുന്ന കുറച്ചുപണം കൊണ്ടാണ് അവർ ഇറങ്ങിത്തിരിച്ചത്. ഇന്നുകാണുന്നതെല്ലാം കെട്ടിപ്പടുത്തത് അതിൽനിന്നാണ്. അതാണ് ഇന്ന് ലോകത്തെ ഏറ്റവും വലുതും ഏറ്റവും വിശ്വസ്തവുമായ സ്ഥാപനമായി വളർന്നത്. യു.കെ.യിൽ ഉൾപ്പെടെ ആയിരങ്ങൾക്കാണ് അവർ തൊഴിൽ നൽകുന്നത്. ഇതൊരു അവിശ്വസനീയ കഥയായി നിങ്ങൾക്ക് തോന്നാം. എന്നാൽ, എനിക്കിത് അഭിമാനത്തിന്റെ കഥയാണ്’-ഒരു ടെലിവിഷൻ ചർച്ചക്കിടെ ഋഷിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.

Advertisement