സോൾ: കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷമുള്ള ആദ്യ ഹാലോവിൻ പരിപാടിയിൽ തിക്കിലുംതിരക്കിലുംപെട്ട് 151 പേരുടെ ജീവനാണു പൊലിഞ്ഞത്. നാല് മീറ്റർ വീതിയുള്ള ഇടവഴിയിൽ ഇത്രയുംപേർ തിങ്ങിനിറഞ്ഞത് ശ്വാസംമുട്ടലിനും ഹൃദയാഘാതത്തിനും കാരണമായെന്നാണ് റിപ്പോർട്ടുകൾ.
മരിച്ചവരിൽ അധികവും കൗമാരക്കാരായ വനിതകളാണ്. 19 വിദേശികളും മരിച്ചെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സുക് യോൾ അറിയിച്ചു. 82 പേർക്ക് പരുക്കേറ്റു. ഇതിൽ 19 പേരുടെ നില ഗുരുതരമാണ്. സംഭവത്തിനു ലഹരിമരുന്നുമായി ബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ഹാമിൽട്ടൻ ഹോട്ടലിനു സമീപം ആഘോഷത്തിനായി തടിച്ചുകൂടിയവരാണ് അപകടത്തിൽപെട്ടത്. ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയവരെ കൂടാതെ ഹോട്ടലിൽനിന്നും ഇറ്റാവോൺ സബ്‌വേ സ്റ്റേഷനിൽ നിന്നുമുള്ള ആളുകളും ഇടുങ്ങിയ വഴിയിൽ എത്തിയിരുന്നു.
ഇവിടത്തെ ഒരു സ്ഥാപനത്തിൽ ഒരു സെലിബ്രിറ്റി കൂടി എത്തിയതോടെ തിരക്ക് വർധിച്ചെന്ന് കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആരാണ് സെലിബ്രിറ്റി എന്ന വിവരം പുറത്തുവന്നിട്ടില്ല. പിന്നിൽനിന്നുള്ള തള്ളലിൽ ഒട്ടേറെപ്പേർ നിലത്തുവീഴുകയായിരുന്നു. ചവിട്ടേറ്റും ഞെരുങ്ങിയും ശ്വാസം മുട്ടിയാണു മരണങ്ങളേറെയും. തിരക്കിനിടയിൽ അപകടത്തിൽപ്പെട്ടവരുടെ അടുത്തെത്താൻ ആംബുലൻസുകൾക്കും പ്രയാസകരമായിരുന്നു.
കാറിന്റെ മുകളിൽ കയറിയാണ് പൊലീസ് ആളുകളോട് വഴിയൊരുക്കാനും പ്രദേശംവിട്ടുപോകാനും ആവശ്യപ്പെട്ടത്. അപ്പോഴും ആളുകൾ റോഡിൽ നൃത്തം ചെയ്യുകയും പാട്ട് പാടുകയുമായിരുന്നു. പരുക്കേറ്റവരെ ആശുപത്രികളിലേക്കു മാറ്റുന്നതും അബോധാവസ്ഥയിലായവർക്ക് റോഡിൽ സന്നദ്ധ പ്രവർത്തകർ കൃത്രിമ ശ്വാസോച്ഛ്വാസം നൽകുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. അടിയന്തര സേവനത്തിന് നാനൂറിലേറെ ആരോഗ്യപ്രവർത്തകരെ നിയോഗിച്ചു.