ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക്

Advertisement

ന്യൂയോർക്ക്: ലോകം വീണ്ടും ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് എന്ന് റിപ്പോർട്ട്. അമേരിക്കയിൽ തുടർച്ചയായി രണ്ടു ത്രൈമാസങ്ങളിൽ സാമ്പത്തിക വളർച്ച പൂജ്യത്തിലും താഴെ പോയതോടെ സാങ്കേതികമായി മാന്ദ്യം യാഥാർഥ്യമാണ്.

അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയാൽ അത് ലോക സമ്പദ് വ്യവസ്ഥയ്ക്കുള്ള മുന്നറിയിപ്പു കൂടിയാണ്. കോർപറേറ്റ് ലോകം ഈ ഭീതിയെ ചെറുക്കാനുള്ള തയാറെടുപ്പും തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയും ഇതിൽനിന്ന് മുക്തമല്ല. യു.എസ്, യൂറോപ്പ് തുടങ്ങിയ വിപണികളെ ആശ്രയിക്കുന്ന ഐ.ടിപോലുള്ള മേഖലകളിലെ കമ്പനികൾ പുതിയ നിയമനങ്ങളിൽനിന്ന് പിൻവാങ്ങുകയാണെന്ന റിപ്പോർട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു.

ലോകബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ പഠനം മാന്ദ്യത്തെക്കുറിച്ച്‌ ലോകത്തിന് അതിശക്തമായ മുന്നറിയിപ്പാണ് നൽകുന്നത്. മാന്ദ്യത്തെ തുടർന്നുണ്ടാകാവുന്ന സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെപ്പോലെ വളർന്നുവരുന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും 2023ൽ ദീർഘനാൾ നിലനിന്നേക്കാവുന്ന പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് ആ പഠനം മുന്നറിയിപ്പ് നൽകുന്നു.

പണപ്പെരുപ്പമാണ് ഈ മാന്ദ്യത്തിന് വഴിയൊരുക്കിയ വില്ലൻ. കോവിഡ് പ്രതിസന്ധി മറികടക്കാൻ ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും മത്സരിച്ച്‌ സാമ്പത്തിക പാക്കേജുകൾ നടപ്പാക്കിയതോടെ വിപണികളിൽ പണലഭ്യത കുത്തനെ വർധിച്ചു. ഇതാണ് ആഗോള തലത്തിൽ തന്നെ പണപ്പെരുപ്പത്തിന് തുടക്കമിട്ടത്. തൊട്ടുപിറകെ റഷ്യ യുക്രെയ്നെ ആക്രമിച്ചതോടെ ലോകവിപണികളിൽ അസംസ്കൃത എണ്ണ ഉൾപ്പെടെ സുപ്രധാന ഉൽപന്നങ്ങളുടെ ലഭ്യത താളംതെറ്റിയത് പണപ്പെരുപ്പം നിയന്ത്രണാതീതമാക്കി. ഇത് മറികടക്കാൻ യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വിപണിയിൽ പണലഭ്യത കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പലിശ നിരക്ക് വർധിപ്പിച്ചുതുടങ്ങി. ഇത് ഒരു ചങ്ങലപ്രതിഭാസമായി ലോകത്തെ മുഴുവൻ വരിഞ്ഞുമുറുക്കുകയാണ്.

ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചുതുടങ്ങിയതോടെ യു.എസ് കടപ്പത്രങ്ങൾക്ക് ആവശ്യക്കാർ ഏറി. ഇത് മറ്റു കറൻസികൾക്കെതിരെ ഡോളർ ശക്തിപ്പെടുന്നതിന് കാരണമായി. സ്വന്തം കറൻസികൾ ദുർബലമാകുന്നതു തടയാൻ മറ്റു രാജ്യങ്ങൾക്കു മുന്നിലും പലിശ നിരക്ക് വർധിപ്പിക്കുക എന്ന വഴിമാത്രമാണ് ഉണ്ടായിരുന്നത്. ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളെല്ലാം ആ വഴിക്കാണ് നീങ്ങുന്നതും.

വരുംനാളുകളിൽ കൂടുതൽ പലിശ നിരക്ക് വർധന ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് യു.എസ് കേന്ദ്ര ബാങ്ക് ഒടുവിലത്തെ റിപ്പോർട്ടിലും നൽകിയിരിക്കുന്നത്. ഫലത്തിൽ ലോകത്തെമ്പാടും പലിശ നിരക്കുകൾ ഇനിയും ഉയരും. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ ഇത്തരത്തിൽ ലോകരാജ്യങ്ങൾ മുഴുവൻ ഒരുമിച്ച്‌ പലിശ നിരക്ക് വർധിപ്പിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും ലോകബാങ്ക് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

പലിശ നിരക്ക് വർധിപ്പിച്ച്‌ ഉപഭോഗം കുത്തനെ കുറച്ച്‌ പണപ്പെരുപ്പത്തെ മെരുക്കാനുള്ള നീക്കത്തിന് കനത്ത വില നൽകേണ്ടിവരുമെന്നുകൂടി ലോകബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോക സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കുന്നത് ഉപഭോഗമാണ്. അതിന് കടിഞ്ഞാണിടപ്പെടുന്നതോടെ കടുത്ത വളർച്ചമുരടിപ്പിലേക്ക് നീങ്ങും. കഴിഞ്ഞ മാസങ്ങളിൽ ആഗോള സാമ്പത്തിക വളർച്ച സമീപകാലത്തെ ഏറ്റവും കുത്തനെയുള്ള വീഴ്ച പ്രകടമാക്കിയിട്ടുമുണ്ട്. കോർപറേറ്റ് ലോകത്തെ ആശങ്കയുടെ മുൾമുനയിലാക്കുന്നതും ഈ പ്രതിഭാസങ്ങളാണ്. ലോകരാജ്യങ്ങൾ ഉപഭോഗം ഇല്ലാതാക്കി പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനു പകരം ഉൽപാദനം വർധിപ്പിച്ച്‌ വിലക്കയറ്റം നിയന്ത്രിക്കണമെന്നാണ് ലോകബാങ്ക് മുന്നോട്ടുവെക്കുന്ന നിർദേശം. എന്നാൽ, പൊടുന്നനെ ഉൽപാദനം വർധിപ്പിച്ച്‌ വിലക്കയറ്റം പിടിച്ചുനിർത്തുകയെന്നത് ക്ഷിപ്രസാധ്യമായ പരിഹാരമല്ല.

2022ൻറെ അവസാന മാസങ്ങളിൽ തുടങ്ങിയ പലിശ നിരക്ക് വർധന 2023ലും തുടരും. 2023ൽ നാലു ശതമാനത്തോളം പലിശ നിരക്ക് വർധന പ്രതീക്ഷിക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. 2021ലെ ശരാശരി പലിശ നിരക്കിലും രണ്ടു ശതമാനം കൂടുതലാണിത്.

അതേസമയം, ഇപ്പോൾ ലോകം ആശങ്കയോടെ നോക്കിക്കാണുന്ന സാമ്പത്തിക മാന്ദ്യം സമ്പദ് വ്യവസ്ഥക്ക് കാര്യമായ പരിക്കേൽപിക്കില്ലെന്ന് വിലയിരുത്തുന്ന വിദഗ്ധരുമുണ്ട്. പണപ്പെരുപ്പം മൂലമുള്ള മാന്ദ്യങ്ങൾ സമ്പദ് വ്യവസ്ഥക്ക് അത്ര ഗുരുതരമായ പരിക്കേൽപിക്കാറില്ലെന്നാണ് അവർ ഇതിന് ന്യായീകരണമായി പറയുന്നത്. ലോകത്തെ വിറപ്പിച്ച 2000-2001ലെ ഡോട്ട്കോം പ്രതിസന്ധിയും 2007-2008ലെ ആഗോള സാമ്പത്തിക മാന്ദ്യവും വായ്പവിപണിയിലെ പ്രതിസന്ധിമൂലം ഉണ്ടായ സാമ്പത്തിക മാന്ദ്യങ്ങളായിരുന്നു.

പണപ്പെരുപ്പം മൂലമുള്ള സാമ്പത്തിക മാന്ദ്യങ്ങൾ കോർപറേറ്റുകളുടെ ലാഭത്തിൽ ഉണ്ടാക്കാവുന്ന ഇടിവ് പരിമിതമാണെന്നാണ് ഇവർ വിലയിരുത്തുന്നത്. ആഗോള തലത്തിൽതന്നെ ഭവന വ്യവസായ മേഖലയും ഓട്ടോമൊബൈൽ മേഖലയും മാന്ദ്യഭീതി നിലനിൽക്കുമ്പോഴും ശക്തമായ വളർച്ച പ്രകടമാക്കുന്നത് പ്രതീക്ഷയാണ് നൽകുന്നതെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.

Advertisement