ന്യൂയോർക്ക്: പേര് പോലെ തന്നെ യാത്രകളെ ഇഷ്ടപ്പെടുന്നവരാണ് ദേശാടനപ്പക്ഷികൾ. ദീർഘദൂരം നിർത്താതെ സഞ്ചരിക്കാൻ ഇവയ്‌ക്കാകും.
ഇപ്പോഴിതാ ഒരു ദേശാടനപ്പക്ഷിയുടെ സഞ്ചാരം ലോകറെക്കോർഡിൽ ഇടംനേടിയിരിക്കുകയാണ്. ബാർ ടെയിൽഡ് ഗോഡ്വിറ്റ് എന്ന ദേശാടനപ്പക്ഷി നിർത്താതെ പറന്നത് 13,650 കിലോമീറ്ററാണ്. അമേരിക്കയിലെ അലാസ്‌കയിൽ നിന്ന് ഓസ്‌ട്രേലിയൻ ദ്വീപായ ടാസ്മാനിയ വരെയാണ് ഈ കുഞ്ഞൻപക്ഷി നിർത്താതെ പറന്നത്.
യാത്രയ്‌ക്കിടെ ഒരിടത്ത് പോലും വിശ്രമത്തിനായി പക്ഷി തന്റെ യാത്ര നിർത്തിയില്ല. ഇതോടെയാണ് ഏറ്റവും ദൂരം നിർത്താതെ പറന്നതിനുള്ള റെക്കോർഡ് പക്ഷിക്ക് ലഭിക്കുന്നത്. പക്ഷിയുടെ കഴുത്തിൽ ഒരു ഇലക്‌ട്രോണിക് ടാഗ് ശാസ്ത്രജ്ഞർ ഘടിപ്പിച്ചിരുന്നു. ടാഗിൽ നിന്നുള്ള വിവരങ്ങൾ ഉപഗ്രഹങ്ങൾ വഴി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇത് പ്രകാരമാണ് പക്ഷിയുടെ യാത്രാപഥത്തെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങളും ലഭിക്കുന്നത്.
ഒക്ടോബർ 13ാം തിയതിയാണ് പക്ഷി അലാസ്‌കയിൽ നിന്ന് തന്റെ യാത്ര ആരംഭിക്കുന്നത്. ഒടുവിൽ അതിന്റെ പറക്കൽ അവസാനിക്കുന്നത് ടാസ്മാനിയയിലെ ആൻസൻസ് ബേയിലാണ്. നേരത്തെ ഈ റെക്കോർഡ് ബാർ ടെയിൽഡ് ഗോഡ്വിറ്റ് വിഭാഗത്തിലുള്ള ഒരു ആൺപക്ഷിക്കായിരുന്നു. ആൺപക്ഷി സ്ഥാപിച്ച 13,000 കിലോമീറ്റർ റെക്കോർഡാണ് പെൺപക്ഷി തകർത്തത്. സ്‌കോളോ പാസിഡെ എന്ന പക്ഷികുടുംബത്തിലെ ലിമോസ ജെനുസിൽ പെട്ട പക്ഷികളാണ് ഗോഡ്വിറ്റുകൾ. കക്കയും മറ്റുമാണ് ഇവയുടെ ആഹാരം.