ഡാളസ്: കാൽമുട്ടിലെ ശസ്ത്രക്രിയക്ക് ജനറൽ അനസ്തീഷ്യ നൽകിയതിനെ തുടർന്ന് മസ്തിഷ്ക്കത്തിൻറെ പ്രവർത്തനം നിലച്ച് അബോധാവസ്ഥയിൽ കഴിയുന്ന രോഗിക്ക് 211 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാൻ ഡാളസ് കൗണ്ടി ജൂറി വിധിച്ചു.
കാർലോസ് റോഹാഡ്(32) എന്ന യുവാവാണ് അബോധാവാസ്ഥയിൽ കഴിയുന്നത
ക്രിസ്മസ് ലൈറ്റിടുന്നതിന് ഏണിയിൽ കയറുന്നതിനിടയിൽ താഴെ വീണു കാലിനും കാൽമുട്ടിനും പരുക്കേറ്റിരുന്നു. 2017 ഒക്ടോബറിൽ ആണ് സംഭവം. ശസ്ത്രക്രിയ ആവശ്യമായതിനാൽ തൊട്ടടുത്ത ദിവസം കാർലോസിനെ ബെയ്ലൽ യൂണിവേഴ്സിറ്റി മെഡിക്കൽ സെൻററിൽ(ഡാളസ്) പ്രവേശിപ്പിച്ചു.
ശസ്ത്രക്രിയക്കിടെ രോഗിയുടെ രക്തസമ്മർദം കാര്യമായി കുറയുകയും തലച്ചോറിലേക്കുള്ള ഓക്സിജൻ ലഭിക്കാതെ വരികയും ചെയ്തതാണ് രോഗിയുടെ തലച്ചോറിൻറെ പ്രവർത്തനം നിലയ്ക്കുന്നതിനു കാരണമായത്. 2021 ൽ കാർലോസിൻറെ കുടുംബം രജിസ്ട്രേഡ് നഴ്സ് അനസ്തെറ്റിസ്റ്റ് കേയ്ഡി മാർട്ടിൻ, ഡോക്ടർ മല്ലോറി ക്ലിൻ, യുഎസ് ഹർട്ട്നേഴ്സ് ഓഫ് ടെക്സസ്, ബെയ്ലർ യൂണിവേഴ്സിറ്റി മെഡിക്കൽ സെൻറർ എന്നിവരെ പ്രതിചേർത്ത് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.
ശസ്ത്രക്രിയയുടെ സമയത്ത് രക്തസമ്മർദം കുറഞ്ഞുവരുന്നത് ശ്രദ്ധിച്ചില്ല. പിന്നീട് രക്തസമ്മർദം കൂടുന്നതിനാവശ്യമായ മരുന്നുകൾ നൽകിയെങ്കിലും ഇതു റെക്കാർഡ് ചെയ്യാതെ ശസ്ത്രക്രിയ സമയത്തു രോഗിയുടെ രക്തസമ്മർദ നില സാധാരണ നിലയിലായിരുന്നുവെന്നു തിരുത്തി മറ്റൊരു റെക്കാർഡ് ഉണ്ടാക്കുകയും ചെയ്തത് ജൂറി കണ്ടെത്തിയാണു ശിക്ഷ വിധിച്ചത്. ഇലക്‌ട്രോണിക് റെക്കോർഡുകൾ നശിപ്പിച്ചതായും കണ്ടെത്തിയിരുന്നു.