ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് വീണ്ടുമയുർത്തി. നിലവിലെ 2.25 ശതമാനത്തിൽ നിന്നു മൂന്ന് ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. 0.75 ശതമാനത്തിന്റെ വർധനയാണ് ഒറ്റടയടിക്ക് വരുത്തിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ മറിടകടക്കാനുള്ള അതിശക്തമായ നടപടികളുടെ ഭാഗമാണിത്.
1989നു ശേഷമുള്ള ഏറ്റവും ഉയർന്ന പലിശനിരക്കാണിത്. ഏറെക്കാലം നീണ്ടുനിൽക്കുന്ന സാമ്പത്തിക മാന്ദ്യത്തിലേക്കു രാജ്യം പ്രവേശിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയായാണ് ഈ നിരക്കു വർധനയെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
പലിശനിരക്കിലെ ഈ വർധന മോർഗേജ് നിരക്കുകളെയും ബാങ്ക് ലോൺ പലിശയെയും ക്രെഡിറ്റ് കാർഡ് പേമെന്റുകളെയും കാർ ലോണിനെയുമെല്ലാം നേരിട്ടു ബാധിക്കും.
ബ്രിട്ടനിൽ പണപ്പെരുപ്പം 40 വർഷത്തെ ഏറ്റവും വലിയ നിരക്കിലാണ്. ഇതിനെ ചെറുക്കാനുള്ള പദ്ധതികളുടെ ഭാഗമാണു പലിശനിരക്കിലെ ഈ വർധന. എന്നാൽ ഇതു സാമ്പത്തിക അനിശ്ചിതാവസ്ഥയ്ക്ക് ആക്കം കൂട്ടുമെന്നാണു പ്രതിപക്ഷത്തിന്റെ വിമർശനം.
ഡിസംബർ മാസത്തിനുശേഷമുള്ള തുടർച്ചയായ എട്ടാമത്തെ വർധനയാണ് ഇപ്പോൾ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. ഇതിൽതന്നെ ഏറ്റവും ഉയർന്ന വർധനയുമായിരുന്നു.
ട്രാക്കർ മോർഗേജുകളിൽ പ്രതിമാസം ശരാശരി 73 പൗണ്ടിന്റെയും സ്റ്റാന്റേർഡ് വേരിയബിൾ റേറ്റിലുള്ള മോർഗേജുകൾക്ക് പ്രതിമാസം ശരാശരി 46 പൌണ്ടിന്റെയും വർധന ഈ പലിശ വർധനമൂലം ഉണ്ടാകും. ഇപ്പോൾതന്നെ ആറുശതമാനത്തിനടുത്തുള്ള പുതിയ മോർഗേജ് ഓഫറുകൾ അതിലും മുകളിലേക്ക് ഉയരാനും പലിശനിരക്കിലെ വർധന കാരണമാകും.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം പുറത്തുവന്നതോടെ ഡോളറിനെതിരായ പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു.
ശക്തമായ നടപടികൾ ഇപ്പോൾ സ്വീകരിച്ചില്ലെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകുമെന്നായിരുന്നു തീരുമാനത്തെ ന്യായീകരിച്ചുകൊണ്ടുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലിയുടെ പ്രതികരണം. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നികുതി വർധന ഉൾപ്പെടെയുള്ള കനത്ത നടപടികൾ ഉണ്ടാകുമെന്ന ട്രഷറി മുന്നറിയിപ്പു നിലനിൽക്കെയാണ് പലിശനിരക്കിലെ ഈ അപ്രതീക്ഷിത വർധന.