ലണ്ടൻ: 101 സ്ത്രീകളുടെ മൃതദേഹങ്ങൾ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നു പ്രതിയുടെ വെളിപ്പെടുത്തൽ. ബ്രിട്ടനിൽ 2 സ്ത്രീകളെ കൊന്ന കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഡേവിഡ് ഫുള്ളർ ആണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ആശുപത്രിയിൽ ഇലക്ട്രീഷനായി ജോലി ചെയ്‌തിരുന്ന ഡേവിഡ് ഫുള്ളർ(68) വ്യാഴാഴ്ച ക്രോയ്ഡൻ ക്രൗൺ കോടതിയിൽ നടന്ന വിചാരണയിൽ ആയിരുന്നു കുറ്റസമ്മതം. ബ്രിട്ടനിലെ കിഴക്കൻ സസെക്‌സിലായിരുന്നു ലോകമനസ്സാക്ഷിയെ ഞെട്ടിപ്പിച്ച സംഭവം.
സ്ഥിരമായി രാത്രി ഷിഫ്റ്റുകൾ ചോദിച്ചുവാങ്ങിയിരുന്ന ഫുള്ളർ, രാത്രികളിലാണ് ഹീനകൃത്യം ചെയ്‌തിരുന്നതും. നെക്രോഫീലിയ എന്ന മാനസിക പ്രശ്നമുള്ള ഡേവിഡ് ഫുള്ളർ ‘നെക്രോ ലോർഡ്’ എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. വെൻഡി നെൽ(25), കരോലിൻ പിയേഴ്സ്( 20) എന്നിവരെ കൊലപ്പെടുത്തിയതിനും 78 സ്ത്രീകളുടെ മൃതദേഹങ്ങൾ ദുരുപയോഗം ചെയ്‌തതിനുമാണ് ഫുള്ളർ ജീവപര്യന്തം തടവ് അനുഭവിക്കുന്നത്.
23 സ്ത്രീകളുടെ മൃതദേഹങ്ങൾ കൂടി ലൈംഗികമായി ദുരുപയോഗിച്ചുവെന്നു കഴിഞ്ഞദിവസം പ്രതി കോടതിയിൽ സമ്മതിച്ചു. 2008നും 2020നുമിടയിലാണ് കുറ്റകൃത്യം നടന്നത്. ഹീനകൃത്യം ക്യാമറയിൽ പകർത്തി പ്രതി സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. മൃതദേഹങ്ങളിൽ ലൈംഗികാതിക്രമങ്ങൾ നടത്തിയതിനും ഇതിന്റെ ദൃശ്യങ്ങൾ സൂക്ഷിച്ചതിനും പ്രത്യേക ശിക്ഷയനുഭവിക്കേണ്ടി വരും. ഡിസംബർ അഞ്ചിനാണു കേസിൽ കോടതി വിധി പറയുക.