ന്യൂയോർക്ക്: സമൂഹമാധ്യമങ്ങളിൽ കാണുന്ന പല സെലിബ്രിറ്റികളുടേയും സൗന്ദര്യം പലപ്പോഴും പലരേയും അസൂയാലുക്കളാക്കാറുണ്ട്. എന്നാൽ സെലിബ്രിറ്റികളേക്കാൾ നമ്മളെ സ്വയം നിരാശരാക്കുന്നത് സുഹൃത്തുക്കളും ബന്ധുക്കളുടേയുമൊക്കെ പോസ്റ്റുകളാണെന്നാണ് കണ്ടെത്തൽ.
ഓസ്ട്രിയയിലെ ആങ്ക്‌ളിയ റസ്‌കിൻ യൂണിവേഴ്‌സിറ്റി, കാൾ ലാൻഡ്‌സ്റ്റെയ്‌നർ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനം ബോഡി ഇമേജസ് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ വരുന്ന ചിത്രങ്ങളും മറ്റും സ്വയം മോശമെന്ന തോന്നൽ വരുത്താനുള്ള അനന്തമായ സാധ്യതകളാണ് നൽകുന്നത്. ഫലത്തിൽ ഇത് വ്യക്തികളിൽ അപകർഷതാബോധം നിറയ്ക്കുകയാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ആങ്ക്‌ളിയ റസ്‌കിൻ സർവകലാശാലയിലെ പ്രഫ. വീരൻ സ്വാമി പറയുന്നു. ഇത്തവണ 50 പേരെ വളണ്ടിയർമാരായി തിരഞ്ഞെടുത്ത് അവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചായിരുന്നു പഠനം നടത്തിയത്.
ശരാശി 23 വയസ് പ്രായമുള്ളവരായിരുന്നു 50 വളണ്ടിയർമാർ. രണ്ട് ആഴ്ചത്തെ കാലയളവിൽ എല്ലാ ദിവസവും വിവരശേഖരണം നടത്തി. തൽസമയ വിവരശേഖരണത്തിനായി കയ്യിൽ കെട്ടുന്ന ഉപകരണങ്ങളും വളണ്ടിയർമാർക്കായി നൽകിയിരുന്നു. സാധാരണ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതുപോലെ തുടരാനും നിർദേശം നൽകി. പരിചയമുള്ളവരുടെ സമൂഹമാധ്യമ പോസ്റ്റ് കാണുമ്പോൾ കയ്യിൽ കെട്ടിയ ഉപകരണത്തിൽ ഒരു തവണ ക്ലിക്കു ചെയ്യാനും നേരിട്ട് പരിചയമില്ലാത്തവരുടെ പോസ്റ്റുകൾ പരിശോധിക്കുമ്പോൾ രണ്ട് തവണ ക്ലിക്കു ചെയ്യാനും നിർദേശമുണ്ടായിരുന്നു.
ഏത് സമൂഹമാധ്യമ സൈറ്റാണ് ഉപയോഗിക്കുന്നതെന്ന് വളണ്ടിയർമാർ വെളിപ്പെടുത്തേണ്ടതില്ലായിരുന്നു. ഈ സർവേയിൽ പങ്കെടുത്തവർ ഒരു ദിവസം ശരാശരി 73 മിനിറ്റ് സജീവമായും ആകെ 90 മിനിറ്റോളം അലസമായും സോഷ്യൽമീഡിയയിൽ സമയം ചെലവിടുന്നുണ്ടായിരുന്നു. സമൂഹ മാധ്യങ്ങളിൽ കൂടുതൽ സമയം ചെലവിടുന്നവർക്ക് സ്വന്തം രൂപത്തിലുള്ള ആത്മവിശ്വാസം കുറയുന്നതായും പഠനം പറയുന്നു. സമൂഹ മാധ്യമങ്ങളിലെ ഇൻഫ്‌ളുവൻസേഴ്‌സിനേയും സെലിബ്രിറ്റികളേയും അപേക്ഷിച്ച് നേരിട്ട് പരിചയമുള്ള സുഹൃത്തുകളുടേയും ബന്ധുക്കളുടേയും പോസ്റ്റുകളാണ് വ്യക്തികളിൽ അപകർഷതാ ബോധം നിറയ്ക്കുന്നതെന്നും പഠനത്തിലുണ്ട്.