മകന്റെ കുഞ്ഞിന് ജന്മം നൽകി അമ്മ

Advertisement

ന്യൂയോർക്ക്: സ്വന്തം അമ്മയോടുള്ള സ്‌നേഹവും ബഹുമാനവുമെല്ലാം നമുക്ക് മുത്തശ്ശിയോടുമുണ്ടാകും. അവർ നമുക്ക് ജന്മം നൽകിയില്ല എന്ന വ്യത്യാസം മാത്രമേയുള്ളു.

ചിലരാണെങ്കിൽ അമ്മയേക്കാൾ അടുപ്പം മുത്തശ്ശിയോട് കാണിക്കാറുമുണ്ട്. എന്നാൽ അമേരിക്കയിൽ നിന്ന് ഇതിനേക്കാൾ മനോഹരമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. സ്വന്തം മകന്റേയും മരുമകളുടേയും കുഞ്ഞിന് അമ്മ ജന്മം നൽകിയതാണ് ആ വാർത്ത. 56-കാരിയായ നാൻസി ഹൗക്കാണ് വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിനെ പ്രസവിച്ചത്. മകൻ ജെഫ് ഹൗക്കിനും മരുമകൾ കാംബ്രിയ്ക്കും വേണ്ടിയായിരുന്നു ഈ സാഹസം.

ജെഫിന്റേയും കാംബ്രിയയുടേയും അഞ്ചാമത്തെ കുഞ്ഞിനാണ് നാൻസി ജന്മം നൽകിയത്. നാല് മക്കളെ പ്രസവിച്ച ശേഷം കാംബ്രിയയുടെ ഗർഭപാത്രം നീക്കം ചെയ്തിരുന്നു. ഇതോടെയാണ് ഇവർക്ക് അഞ്ചാമത്തെ കുഞ്ഞിനായി അമ്മയെ സമീപിക്കേണ്ടി വന്നത്. വാടക ഗർഭധാരണത്തിന് നാൻസി സന്തോഷത്തോടെ സമ്മതം മൂളിയതോടെ എല്ലാം ശുഭകരമായി അവസാനിച്ചു. ‘മനോഹരമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോയത്. സ്വന്തം അമ്മയുടെ പ്രസവം കാണാൻ എത്ര മക്കൾക്ക് ഭാഗ്യം ലഭിക്കും? എനിക്ക് അങ്ങനെ ഒരു അനുഗ്രഹമാണുണ്ടായത്.’ വെബ് ഡെവലപ്പറായി ജോലി ചെയ്യുന്ന ജെഫ് പീപ്പിളിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.