കൃത്രിമ രക്തം ആദ്യമായി മനുഷ്യനിൽ പരീക്ഷിച്ചു

Advertisement

ലണ്ടൻ: ലോകത്താദ്യമായി കൃത്രിമ രക്തം മനുഷ്യനിൽ പരീക്ഷിച്ചു. ലാബിൽ നിർമിച്ച രക്തമാണ് മനുഷ്യരിൽ പരീക്ഷിച്ചത്. പരീക്ഷണത്തിന്റെ ആദ്യ ഘട്ടമായി സന്നദ്ധത പ്രകടിപ്പിച്ച രണ്ടുപേരിലാണ് രക്തം കുത്തിവെച്ചത്. 5-10 മില്ലിഗ്രാം (1-2 ടീസ്പൂൺ) രക്തമാണ് ഇവരിൽ കുത്തിവെച്ചത്. ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നറിയാൻ ഇവരെ സൂക്ഷ്മ പരിശോധനക്ക് വിധേയരാക്കിക്കൊണ്ടിരിക്കുകയാണ്.

നാലുമാസങ്ങൾക്ക് ശേഷം കുറഞ്ഞത് 10 പേരിലെങ്കിലും രക്തം കുത്തിവെച്ച് പരീക്ഷണം തുടരും. മനുഷ്യരിൽ നിന്നെടുത്ത അരുണ രക്താണുവും ലാബിൽ നിർമിച്ച അരുണ രക്താണുവും ഒരുമിച്ച് കുത്തിവെച്ചായിരിക്കും പരീക്ഷണം. ഏതാണ് കൂടുതൽ കാലം നില നിൽക്കുന്നത് എന്നറിയുകയാണ് പ്രധാന ലക്ഷ്യം. ലബോറട്ടറിൽ നിർമിച്ചവ കൂടുതൽ കാലം നിൽക്കാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞൻമാരുടെ ഊഹം.

സാധാരണ അരുണ രക്താണുക്കളുടെ കാലാവധി 120 ദിവസമാണ്. മറ്റൊരാളിൽ നിന്ന് രക്തം സ്വീകരിക്കുമ്പോൾ കാലാവധി കഴിയാറായ രക്താണുക്കളും അതിലുണ്ടാകും. എന്നാൽ ലാബിൽ നിർമിച്ചവ എപ്പോഴും പുതിയതായിരിക്കും. അതിനാൽ കൂടുതൽ കാലം നിലനിൽക്കുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

രക്തദാതാക്കളിൽ നിന്ന് മൂലകോശങ്ങളെ ശേഖരിച്ച് അവയിൽ നിന്ന് അരുണരക്താണുക്കളെ നിർമിച്ചാണ് പരീക്ഷണം നടത്തിയത്.

പരീക്ഷണം വിജയിക്കുകയാണെങ്കിൽ നിരന്തരം രക്തം സ്വീകരിക്കേണ്ടി വരുന്ന രോഗികൾക്ക് ആശ്വാസമാകും. നിരന്തരം രക്തം കയറ്റേണ്ടി വരുന്നവർക്ക് അയൺ അടിഞ്ഞുകൂടി മറ്റ് ആരോഗ്യ പ്രശ്നങ്ങൾ രൂപപ്പെടും. ഇത്തരം രോഗികൾ അയൺ അടിഞ്ഞുകൂടാതിരിക്കാനുള്ള മരുന്നുകൾ പ്രത്യേകം കഴിക്കുകയാണ് ചെയ്യുന്നത്. കൂടുതൽ കാലം നില നിർക്കുന്ന രക്താണുക്കളെ ലഭിച്ചാൽ രക്തം കയറ്റുന്നതിന്റെ എണ്ണം കുറക്കാനും അതുവഴി അയൺ അടിഞ്ഞുകൂടുന്ന അവസ്ഥ കുറക്കാനും സാധിക്കും.

കൂടാതെ, രക്തദാതാക്കളെ തേടി അലയേണ്ട പ്രശ്നങ്ങളും അത്യപൂർവ രക്തഗ്രൂപ്പുകൾ ലഭിക്കാനുള്ള പ്രയാസങ്ങളും ഒഴിവാക്കാൻ സാധിക്കും. സിക്കിൾ സെൽ പോലുള്ള രക്താണുക്കളുടെ പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന രോഗാവസ്ഥയിൽ നിന്നും കൃത്രിമ രക്ത പരീക്ഷണത്തിന്റെ വിജയം പരിഹാരമാകുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

കേംബ്രിഡ്ജ് സർവകലാശാല, യൂനിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റൽ, ഗൈസ്ആന്റ് സെന്റ് തോമസ് എൻ.എച്ച്.എസ് ഫൗണ്ടേഷൻ ട്രസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങൾ സംയ്കതമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആന്റ് കെയർ റിസർച്ചിന്റെ ഭാഗിക ഗ്രാന്റോടുകൂടിയാണ് പരീക്ഷണം നടത്തിയത്.

Advertisement