വാഷിങ്ടൻ: അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നയിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിക്ക് മുന്നേറ്റം. ജനപ്രതിനിധി സഭയിലും സെനറ്റിലും ആദ്യഫല സൂചനകൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് അനുകൂലമാണ്. ഫ്ലോറിഡ ഗവർണറായി റോൺ ഡി സാന്റിസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2024ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായേക്കുമെന്ന് കരുതുന്നയാളാണ് നാൽപത്തിനാലുകാരനായ റോൺ ഡി സാന്റിസ്.
അതേസമയം, മാസച്യുസിറ്റ്സ്, മേരിലാൻഡ് സംസ്ഥാനങ്ങളിൽ യഥാക്രമം ഡെമോക്രാറ്റ് പാർട്ടിയുടെ മൗര ഹേലിയും വെസ് മൂറും ഗവർണർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട് ചരിത്രം സൃഷ്ടിച്ചു. മാസച്യുസിറ്റ്സിന്റെ ആദ്യ വനിതാ ഗവർണറും രാജ്യത്തെ ആദ്യ ലെസ്ബിയൻ ഗവർണറുമാണ് മൗര ഹേലി. മേരിലാൻഡ് സംസ്ഥാനത്തെ ആദ്യ ആഫ്രിക്കൻ–അമേരിക്കൻ ഗവർണറാണ് വെസ് മൂർ.
36 സംസ്ഥാന ഗവർണർമാരെയും 435 യുഎസ് ജനപ്രതിനിധി സഭാംഗങ്ങളെയും 35 സെനറ്റ് അംഗങ്ങളെയും തിരഞ്ഞെടുക്കാനാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. തപാൽവോട്ടുകളുടെ എണ്ണം കൂടുതലായതിനാൽ വോട്ടെണ്ണൽ നീണ്ടുപോയേക്കാം. ജനപ്രതിനിധിസഭയിലും സെനറ്റിലും ആർക്കാണു ഭൂരിപക്ഷമെന്നു വ്യക്തമാകാൻ ദിവസങ്ങളെടുത്തേക്കാം. ജനുവരി മൂന്നിന് ആണു പുതിയ സെനറ്റ് ചേരുക.