ടെക്‌സസ്: ഗർഭസ്ഥ ശിശുവിനെ സ്വന്തമാക്കുന്നതിന് വേണ്ടി ഗർഭിണിയെ കൊലപ്പെടുത്തിയ യുവതിക്ക് കോടതി വധശിക്ഷ വിധിച്ചു.
ടെക്‌സസിലെ ന്യൂബോസ്റ്റണിലാണ് സംഭവം. 2020ലായിരുന്നു കേസിനാസ്പദമായ സംഭവം. ടെയ്‌ലർ പാർക്കർ എന്ന 29കാരിക്കാണ് കോടതി ശിക്ഷ വിധിച്ചത്. റീഗൻ സൈമൺസ് ഹാൻകോക്ക് എന്ന യുവതിയെ ആണ് ടെയ്‌ലർ പാർക്കർ അതിക്രൂരമായി കൊലപ്പെടുത്തിയത്. ന്യൂബോസ്റ്റണിലെ വീട്ടിലാണ് റീഗന്റെ മൃതദേഹം കണ്ടെത്തിയത്.
ഗർഭപാത്രം മുറിച്ചു മാറ്റിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകം നടക്കുമ്പോൾ റീഗന്റെ മൂന്ന് വയസ്സ് പ്രായമുള്ള മകളും വീട്ടിൽ ഉണ്ടായിരുന്നു. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ നൂറിലേറെ കുത്തുകളും ഏറ്റിട്ടുണ്ടായിരുന്നു.
സംഭവദിവസം തന്നെ അമിതവേഗതയിൽ വാഹമോടിച്ചു എന്ന കേസുമായി ബന്ധപ്പെട്ട് ടെയ്‌ലർ പാർക്കറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഏതാനും സമയം മുൻപ് താൻ ഒരു കുഞ്ഞിന് ജന്മം നൽകിയെന്നും, കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ പോവുകയാണെന്നുമാണ് ഇവർ പോലീസിനോട് പറഞ്ഞത്. പോലീസ് ഉടനെ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. താൻ ഗർഭിണിയാണെന്ന് ടെയ്‌ലർ പാർക്കർ കാമുകനെ തെറ്റിദ്ധരിപ്പിച്ചിരുന്നു. സ്വന്തം കുഞ്ഞാണെന്ന് കാണിക്കാൻ ഇവരുടെ സുഹൃത്തായ റീഗൻ സൈമൺസിന്റെ കുഞ്ഞിനെ സ്വന്തമാക്കാൻ ടെയ്‌ലർ തീരുമാനിക്കുകയായിരുന്നു. ഇതിന് വേണ്ടിയാണ് റീഗന്റെ ഗർഭപാത്രം മുറിച്ച് ടെയ്‌ലർ കുഞ്ഞിനെ പുറത്തെടുക്കുന്നത്. കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെയാണ് കോടതി ടെയ്‌ലറിന് വധശിക്ഷ വിധിച്ചത്.