ഓജോ ബോർഡ് കളിക്കവേ 11 വിദ്യാർഥികൾ കുഴഞ്ഞുവീണു; വായിൽനിന്ന് നുരയുംപതയും

Advertisement

ബൊഗോട്ട: കൊളംബിയയിലെ സ്‌കൂളിൽ ഓജോ ബോർഡ് കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾ കുഴഞ്ഞുവീണു. ഹാറ്റോയിൽ പ്രവർത്തിക്കുന്ന അഗ്രികൾച്ചറൽ ടെക്നിക്കൽ ഇൻസ്റ്റിട്ട്യൂട്ടിലെ 11 വിദ്യാർഥികളാണ് ഓജോ ബോർഡ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണത്.

ബോധരഹിതരായ കുട്ടികളെ അധ്യാപകരാണ് കണ്ടെത്തിയത്. കുട്ടികൾക്ക് കടുത്ത ശ്വാസം മുട്ടൽ അനുഭവപ്പെട്ടിരുന്നതായും വായിൽനിന്ന് നുരയുംപതയും വന്നതായും അധ്യാപകരെ ഉദ്ധരിച്ച് രാജ്യാന്തരമാധ്യമം റിപ്പോർട്ട് ചെയ്‌തു.

പതിമൂന്നിനും പതിനേഴിനും ഇടയിൽ പ്രായമുള്ള കുട്ടികളെ സ്‌കൂൾ വരാന്തയിലാണ് ബോധരഹിതരായി കണ്ടെത്തിയത്. ഇതിൽ അഞ്ച് വിദ്യാർഥികളുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇവരെ സോക്കോറോയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയെ തുടർന്നുള്ള ഛർദ്ദിയും പേശിവലിവും അനുഭവപ്പെട്ടതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരേ പാത്രത്തിൽനിന്ന് വെള്ളം കുടിച്ചതിനെ തുടർന്നാണ് വിദ്യാർഥികൾക്ക് വയറുവേദന, പേശിവലിവ്, കടുത്ത ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ ആരംഭിച്ചതെന്നും ബോധരഹിതരായതെന്നും റിപ്പോർട്ടുണ്ട്.

കുട്ടികൾ സ്‌കൂൾ വരാന്തയിൽ ഓജോ ബോർഡ് കളിച്ചിരുന്നതായും ആത്മാവിനെ വിളിച്ചു വരുത്തുന്നതിന്റെ ഭാഗമായി ബോർഡിൽ ചില വാക്കുകളും ചിഹ്നങ്ങളും എഴുതിയിരുന്നതായും പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു. സമൂഹമാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചു. ഓജോ ബോർഡ് കളിച്ചതു കൊണ്ടാണ് കുട്ടികൾ ബോധരഹിതരായതെന്ന വാദം തള്ളി ഹാറ്റോ മേയർ ജോസ് പാബ്ലോ ടോലോസ റോണ്ടൻ രംഗത്തെത്തി. ശാസ്ത്രീയ അടിത്തറയില്ലാത്ത വാദങ്ങൾ ദയവായി പ്രചരിപ്പിക്കരുതെന്നും സംഭവം വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement