ആമസോണിലും കൂട്ടപ്പിരിച്ചുവിടൽ; 10,000 പേരുടെ പണി പോകും

Advertisement

ന്യൂഡൽഹി: സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ സാധിക്കാതെ വന്നതോടെ ജീവനക്കാരെ പിരിച്ചുവിടാൻ ഓൺലൈൻ വ്യാപാര ഭീമനായ ആമസോൺ. ഈ ആഴ്ചയോടെ 10,000 ജീവിനക്കാരെ പിരിച്ചുവിടാനാണ് ആമസോൺ നീക്കമെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലായിരിക്കും ഇത്. എന്നാൽ പിരിച്ചുവിടുന്നത് കമ്പനിയുടെ ഒരു ശതമാനം ജീവനക്കാരെ മാത്രമാണെന്നും ആഗോളതലത്തിൽ 16 ലക്ഷം ജോലിക്കാർ ആമസോണിനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒരു മാസമായി ജീവനക്കാരെ വിലയിരുത്തുകയും കമ്പനിക്ക് അനുയോജ്യരല്ലാത്തവരോടു മറ്റു തൊഴിലുകൾ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. കൂടുതൽ സാമ്പത്തിക നേട്ടം ഉണ്ടാക്കേണ്ടിയിരുന്ന കാലയളവിൽ ഇത്തവണ കമ്പനിയുടെ നേട്ടം മന്ദഗതിയിലായെന്ന് ആമസോൺ അറിയിച്ചു. ഈ വർഷം ആമസോണിന്റെ ഷെയർ മൂല്യം 40 ശതമാനത്തോളം ഇടിഞ്ഞു. കമ്പനി സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നുവെന്ന് സൂചന നൽകിയാണ് കൂട്ടപ്പിരിച്ചുവിടലിന് കളമൊരുങ്ങുന്നത്.
ഇലോൺ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ സമൂഹമാധ്യമമായ ട്വിറ്ററിൽനിന്നും 50 ശതമാനത്തോളം ജീവനക്കാരെ കഴിഞ്ഞ ആഴ്ച പിരിച്ചുവിട്ടിരുന്നു. ഫെയ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും 11,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വമ്പൻ കമ്പനിയായ ആമസോണും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഒരുങ്ങുന്നത്.