വളർത്തു മൃഗങ്ങളുടെ ചില പ്രവൃത്തികൾ കാണാൻ രസകരമാണ്. എന്നാൽ വടക്കൻ ചൈനയിലെ ഒരു കർഷകൻ താൻ വളർത്തുന്ന ആടുകളുടെ ചില രീതികൾ കണ്ട് ഭയക്കുകയും പരിഭ്രാന്തനാകുകയും ചെയ്തു.
ഇന്നർ മംഗോളിയ പ്രദേശത്ത് ആടുകൾ ഒരു പ്രത്യേകരീതിയിൽ വട്ടം ചുറ്റുന്നത് ഉടമയേയും മറ്റുള്ളവരേയും തെല്ലൊന്നുമല്ല പരിഭ്രാന്തരാക്കിയത്. ഒന്നും രണ്ടും ദിവസമല്ല, തുടർച്ചയായ 12 ദിവസമാണ് ആടുകൾ ഓരേ രീതിയിൽ വട്ടത്തിൽ നടന്നത്. പ്രദേശത്തുണ്ടായിരുന്ന സർവയലൻസ് ക്യാമറയിൽ ഈ വിചിത്ര സംഭവം പതിയുകയും ചെയ്തു.
ആടുകളുടെ വിചിത്രമായ പ്രവൃത്തി സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ഒരു ഫാമിന് സമീപത്തായി ആടുകൾ നിർത്താതെ വട്ടം ചുറ്റുന്നതാണ് വീഡിയിൽ കാണുന്നത്. മിയാവോ എന്ന ആളാണ് ആടുകളുടെ ഉടമ. ആദ്യം കുറച്ച് ആടുകൾ മാത്രമാണ് നടന്നു തുടങ്ങിയതെന്ന് ഇയാൾ പറയുന്നു. പീന്നീട് എണ്ണം കൂടാൻ തുടങ്ങി. 34 ആട്ടിൻ തൊഴുത്തുകൾ ഫാമിലുണ്ട്. എന്നാൽ, അതിൽ നമ്പർ 13 എന്ന ഒരു തൊഴുത്തിലെ ആടുകൾ മാത്രമാണ് ദിവസങ്ങളായി വട്ടത്തിൽ നിർത്താതെ നടന്നത്.
വിചിത്രമായ നടത്തത്തിന്റെ കാരണം ഇന്നും ദുരൂഹമായി തുടരുകയാണ്. നവംബർ നാല് വരെയാണ് ആടുകൾ ഇങ്ങനെ വട്ടത്തിൽ നടന്നത്. ആടുകളുടെ ഈ വിചിത്രമായ പെരുമാറ്റം ലിസ്റ്റീരിയോസിസ് എന്ന ബാക്ടീരിയൽ രോഗം മൂലമാകാമെന്നാണ് ചിലർ പറയുന്നത്. വിഷാദം പോലെയുള്ള ലക്ഷണങ്ങൾ ഈ വട്ടത്തിൽ നടന്ന ആടുകൾ പ്രകടിപ്പിച്ചിരുന്നു എന്നും അവർ പറയുന്നു. ലിസ്റ്റീരിയോസിസ് രോഗം ഗുരുതരമാണ്. അത് ബാധിച്ചാൽ ആടുകൾ 24 മുതൽ 48 മണിക്കൂറിനുള്ളിൽ മരണപ്പെട്ടേനെ എന്ന് മറ്റു ചിലരും അഭിപ്രായപ്പെട്ടു.