ജോലിക്കിടെ പ്ലംബര്‍ കണ്ടെത്തിയത് വിസ്‌കിയുടെ കുപ്പിയില്‍ അടച്ചുവച്ച 135 വര്‍ഷം പഴക്കമുള്ള ഒരു സന്ദേശം ഇംഗ്‌ളണ്ടിലെ മോര്‍ണിംഗ്‌സൈഡ് പ്രദേശത്താണ് സംഭവം നടന്നത്.
വീടിന്റെ പുനര്‍ നിര്‍മ്മാണത്തിനിടെ നിലം പൊളിച്ചതാണ് ആ പ്ലംബര്‍. എന്നാല്‍, അതിനകത്ത് അയാളെ കാത്ത് ഒരു അതിശയം ഉണ്ടായിരുന്നു. എന്താണ് എന്നല്ലേ? ഒരു കുപ്പി, അതില്‍ 135 വര്‍ഷം പഴക്കമുള്ള ഒരു സന്ദേശവും. പീറ്റര്‍ അലന്‍ എന്ന 50 -കാരനാണ് ഈ സന്ദേശം കണ്ടെത്തിയത്.
തറ തുറന്നപ്പോള്‍ കുപ്പിയും സന്ദേശവും കണ്ട ഉടനെ പീറ്റര്‍ വീടിന്റെ ഉടമയുടെ അടുത്തേക്ക് ഓടി. കുറിപ്പ് പുറത്തെടുത്ത് വായിക്കാന്‍ വേണ്ടി ഉടമയായ എലിദ് സ്റ്റിംപ്സണ് കുപ്പി പൊട്ടിക്കേണ്ടി വന്നു. അവരുടെ രണ്ട് മക്കളും ഈ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള സന്ദേശം കണ്ടതിന്റെ ആവേശത്തില്‍ ആയിരുന്നു.
കുപ്പിയുള്ള ആ സ്ഥലം തന്നെ കൃത്യമായി മുറിച്ചു മാറ്റാനായത് ഭാഗ്യമായി എന്ന് പീറ്റര്‍ പറയുന്നു. ‘താന്‍ ആ കുപ്പിയുമെടുത്ത് നേരെ ഉടമയായ സ്ത്രീയുടെ അടുത്ത് ചെന്നു, ഞാനെന്താണ് നിങ്ങളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതെന്ന് നോക്കൂ എന്ന് പറഞ്ഞു’ എന്നും പീറ്റര്‍ പറയുന്നു.
എലിദ് ഭര്‍ത്താവിനോടും എട്ടും പത്തും വയസുള്ള മക്കളോടും കൂടിയാണ് ആ വീട്ടില്‍ താമസിക്കുന്നത്. സന്ദേശം തുറന്ന് വായിക്കുന്നതിന് വേണ്ടി മക്കള്‍ സ്‌കൂളില്‍ നിന്നും എത്തുന്നത് വരെ അവര്‍ കാത്തുനിന്നു. കുപ്പി പൊട്ടിക്കാതെ സന്ദേശം പുറത്തെടുക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ കുപ്പി പൊട്ടിച്ച് സന്ദേശം പുറത്തെടുത്തു. ‘ഇത്രയും വര്‍ഷം പഴക്കമുള്ള കുപ്പി പൊട്ടിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ വേറെ വഴി ഇല്ലായിരുന്നു സന്ദേശം പുറത്തെടുക്കാന്‍’ എന്ന് എലിദ് പറയുന്നു.
ഇനി കുപ്പിയിലെ സന്ദേശം ആര് എഴുതിയതാണ് എന്നല്ലേ? ആ വീട് പണിയുമ്പോള്‍ ജോലി ചെയ്തിരുന്ന രണ്ട് ജോലിക്കാരാണ് ആ സന്ദേശം എഴുതിയിരുന്നത്. ‘ജെയിംസ് റിച്ചിയും ജോണ്‍ ഗ്രീവും ഈ നിലം ഉറപ്പിച്ചു. പക്ഷേ, ഈ വിസ്‌കി ഞങ്ങള്‍ കുടിച്ചതല്ല’ എന്നാണ് അതില്‍ എഴുതിയിരുന്നത്. ഒപ്പം 1887 ഒക്ടോബര്‍ 6 എന്ന തീയതിയും എഴുതിയിട്ടുണ്ട്.
ഏതായാലും ഇത്രയും കാലം പഴക്കമുള്ള ആ സന്ദേശം വേണ്ട രീതിയില്‍ സംരക്ഷിച്ച് സൂക്ഷിക്കാനാണ് അവരുടെ തീരുമാനം.