വാഷിങ്ടണ്‍: മുപ്പത് വര്‍ഷം മുമ്പ് ശീതീകരിച്ചു സൂക്ഷിച്ചിരുന്ന ഭ്രൂണത്തില്‍ നിന്ന് ദമ്പതികള്‍ക്ക് ഇരട്ട കുഞ്ഞുങ്ങള്‍ പിറന്നു. ഭ്രൂണം ശീതീകരിക്കുമ്പോള്‍ അഞ്ചുവയസുമാത്രം പ്രായമാണ് ഇപ്പോഴത്തെ മാതാവിനുണ്ടായിരുന്നത്.
ഏറ്റവും കൂടുതല്‍ കാലം ശീതീകരിച്ചു സംരക്ഷിച്ച ഭ്രൂണത്തില്‍നിന്ന് കുഞ്ഞ് പിറക്കുന്നതിന്റെ റെക്കോര്‍ഡും അമേരിക്കയിലെ ഒറിഗോണിലെ ഈ ഫ്രോസന്‍ എംബ്രിയോ ട്രാന്‍സ്ഫറിനായിരിക്കും(എഫ്.ഇ,ടി). 2006ല്‍ 27 വര്‍ഷമായ ശീതീകരിച്ച ഭ്രൂണത്തില്‍നിന്ന് കുഞ്ഞ് പിറന്നതായിരുന്നു മുന്‍ റെക്കോര്‍ഡ്.
1992 ഏപ്രില്‍ 22-ന് ലിക്വിഡ് നൈട്രജന്‍ -196C (-323F) താപനിലയില്‍ ഒറിഗോണിലെ ലാബില്‍ ശീതീകരിച്ച ഭ്രൂണം ഉപയോഗിച്ച് റേച്ചല്‍ റിഡ്ജ്വേ എന്ന യുവതിയാണ് ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ലിഡിയ, തിമോത്തി എന്നിങ്ങനെയാണ് കുഞ്ഞുങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്. ഒക്ടോബര്‍ 31നാണ് നാല് കുട്ടികളുടെ അമ്മയായ റേച്ചല്‍ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത്.
ദാനം ചെയ്ത ഭ്രൂണങ്ങളില്‍ നിന്ന് 1,200-ലധികം ശിശുക്കളെ ജനിപ്പിക്കാന്‍ സഹായിച്ചതായി വിശ്വസിക്കുന്ന നാഷണല്‍ എംബ്രിയോ ഡൊണേഷന്‍ സെന്ററില്‍നിന്നാണ് (എന്‍ഇഡിസി) റേച്ചല്‍ ഭ്രൂണം സ്വീകരിച്ചത്. 5, 10, 20 വര്‍ഷങ്ങള്‍ക്ക് മുമ്ബ് തങ്ങള്‍ സൃഷ്ടിച്ച ഭ്രൂണങ്ങളെ മറ്റുള്ളവര്‍ക്ക് ദത്തെടുക്കാന്‍ അനുമതി നല്‍കേണ്ടതുണ്ട്. ഇതുപ്രകാരമാണ് നാഷണല്‍ എംബ്രിയോ ഡൊണേഷന്‍ സെന്ററില്‍ ഭ്രൂണം ശീതീകരിച്ച് സൂക്ഷിച്ചിരിക്കുന്നത്.
2007 വരെ യുഎസ് വെസ്റ്റ് കോസ്റ്റിലെ ഒരു ഫെര്‍ട്ടിലിറ്റി ലാബില്‍ സൂക്ഷിച്ചിരുന്ന ഈ ഇരട്ടഭ്രൂണങ്ങള്‍ പിന്നീട് ദമ്ബതികള്‍ ടെന്നസിയിലെ നോക്സ്വില്ലെയിലെ എന്‍ഇഡിസി യിലേക്ക് ദാനം ചെയ്തു. എന്‍ഇഡിസി യുടെ തന്നെ സ്ഥാപനമായ സൗത്ത് ഈസ്റ്റേണ്‍ ഫെര്‍ട്ടിലിറ്റിയിലെ എംബ്രിയോ ഗവേഷകര്‍ ഈ വര്‍ഷമാദ്യം ഈ ഭ്രൂണം റേച്ചലിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയായിരുന്നു.
റേച്ചല്‍ റിഡ്ജ്വേയ്സിന് – ഒന്നിനും എട്ടിനും ഇടയില്‍ പ്രായമുള്ള മറ്റ് നാല് കുട്ടികളുണ്ട്. എന്നാല്‍ ഐവിഎഫ് വഴിയോ ദാതാക്കളിലൂടെയോ ജനിക്കുന്ന ആദ്യത്തെ കുട്ടികളാണ് ലിഡിയയും തിമോത്തിയും. ‘ലിഡിയയും തിമോത്തിയും ഭ്രൂണാവസ്ഥയില്‍ ഫ്രീസ് ചെയ്യുമ്‌ബോള്‍ എനിക്ക് അഞ്ച് വയസ്സായിരുന്നു, അന്നുമുതല്‍ ആ ജീവനുകള്‍ എന്നിലൂടെ പിറവിയെടുക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു,’ റേച്ചല്‍ പറഞ്ഞു. ‘ഒരര്‍ത്ഥത്തില്‍, അവര്‍ ഞങ്ങളുടെ ഏറ്റവും ചെറിയ കുട്ടികളാണെങ്കിലും ഞങ്ങളുടെ ഏറ്റവും മുതിര്‍ന്ന കുട്ടികളാണ്.’- റേച്ചലിന്റെ ഭര്‍ത്താവ് ഫിലിപ്പ് പറഞ്ഞു