ലണ്ടൻ : റഷ്യയുടെ യുക്രെയിനിലെ അധിനിവേശം അനന്തമായി തുടരവേ, രാജ്യത്ത് നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായി ആരോപണം.
യുക്രെയിനിലെ പെൺകുട്ടികളേയും, സ്ത്രീകളേയും പീഡിപ്പിക്കുന്നതിൽ റഷ്യൻ സൈന്യം ആനന്ദം കണ്ടെത്തുന്നതായി പ്രഥമ വനിത ഒലീന സെലെൻസ്‌ക ആരോപിച്ചു. ലണ്ടനിൽ വച്ച് സായുധ പോരാട്ടത്തിനിടയിലെ ലൈംഗികാതിക്രമത്തെ ചെറുക്കുന്നതിനുള്ള ഒരു കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ഒലീന. ഈ വിഷയത്തിൽ രാജ്യങ്ങളുടെ ഇടപെടലുണ്ടാവണമെന്നും അവർ ആഹ്വാനം ചെയ്തു.
ബലാത്സംഗവും ലൈംഗികാതിക്രമവും ആയുധമായി റഷ്യ കണക്കാക്കുകയാണെന്നും, യുക്രെയിനിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ റഷ്യൻ സൈനികരെ ഭാര്യമാർ നിർബന്ധിപ്പിക്കുന്ന തെളിവ് കൈവശമുണ്ടെന്നും ഒലീന വെളിപ്പെടുത്തി. ഒരാളുടെ മേൽ ആധിപത്യം തെളിയിക്കാനുള്ള ഏറ്റവും ക്രൂരവും മൃഗീയവുമായ മാർഗമായിട്ടാണ് പീഡനത്തെ റഷ്യക്കാർ കാണുന്നത്. ലൈംഗികാതിക്രമങ്ങളെ കുറിച്ച് റഷ്യൻ സൈനികർ ബന്ധുക്കളുമായി പരസ്യമായി സംസാരിക്കുന്ന ഫോൺസംഭാഷണങ്ങൾ ലഭിച്ചതായും യുക്രെയിൻ പ്രഥമ വനിത അവകാശപ്പെടുന്നു. ഹീനമായ പ്രവൃത്തികളിൽ പങ്കെടുക്കാൻ ഭാര്യമാർ സൈനികരെ പ്രോത്സാഹിപ്പിക്കുകയാണെന്നും സെലെൻസ്‌ക പറഞ്ഞു.