മെൽബൺ: വളരെക്കാലത്തെ പഠനങ്ങൾക്കൊടുവിൽ ഭൂമിയിലെ ഏറ്റവും വലിയ റേഡിയോ ഒബ്‌സർവേറ്ററിയുടെ നിർമാണം ആരംഭിച്ചിരിക്കുന്നു. മൂന്നു പതിറ്റാണ്ടു നീണ്ട തയാറെടുപ്പുകൾക്കൊടുവിലാണ് ഭൂമിയിലെ ഏറ്റവും വലിയ റേഡിയോ ഒബ്‌സർവേറ്ററിയുടെ നിർമ്മാണം ആരംഭിച്ചത്.ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമായി നിർമിക്കുന്ന സ്‌ക്വയർ കിലോമീറ്റർ അറേ അഥവാ എസ്കെഎ വിദൂര പ്രപഞ്ചത്തിൽ നിന്നുള്ള റേഡിയോ സിഗ്നലുകൾ കണ്ടെത്താൻ സഹായിക്കും.
ഗാലക്‌സികൾ നിർമിക്കപ്പെട്ടത് എങ്ങനെ ഇരുണ്ട ദ്രവ്യത്തിന്റെ സവിശേഷതകൾ എന്തെല്ലാമാണ് എന്നിങ്ങനെയുള്ള ജ്യോതിശാസ്ത്രജ്ഞർ നേരിടുന്ന പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ ഈ പടുകൂറ്റൻ റേഡിയോ ഒബ്‌സർവീറ്ററിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.മുപ്പത് വർഷത്തിലേറെ നീണ്ട പഠനങ്ങൾക്കൊടുവിൽ ആരംഭിച്ചെങ്കിലും ഇനിയും പതിറ്റാണ്ടുകളെടുക്കും അവയുടെ നിർമാണം പൂർത്തിയാവാൻ.അടുത്ത അമ്പത് വർഷത്തേക്കുള്ള അടിസ്ഥാനമാണ് ഞങ്ങൾ ഇവിടെ പണിതുയർത്തുന്നതെന്നും മനുഷ്യരാശിക്ക് ദീർഘകാലത്തേക്ക് ഉപയോഗിക്കാവുന്ന സമ്പത്താണ് നമ്മൾ നിർമിക്കുന്നതെന്നും ദക്ഷിണാഫ്രിക്കയിലെ റേഡിയോ ടെലസ്‌കോപിന്റെ ഡയറക്ടറായ ലിൻഡ്‌സേ മാഗ്നസ് പറയുന്നു.