2022ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത വാക്ക് ഏതാണെന്ന് അറിയാമോ?

Advertisement

സാൻഫ്രാൻസിസ്കോ∙ 2022ൽ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞ വാക്ക് ഏതെന്ന് ഗൂഗിൾ പുറത്തു വിട്ടു. ‘വേഡിൽ’ എന്ന ഗെയിമിനെക്കുറിച്ചാണ് ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ സെർച്ച് ചെയ്തത് എന്നാണ് ഗൂഗിളിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ക്വീൻ എലിസബത്ത്, യുക്രെയ്ൻ, ഇന്ത്യ v/s ഇംഗ്ലണ്ട് തുടങ്ങിയവയാണു വേഡിൽ കഴിഞ്ഞാൽ ഏറ്റവുമധികം സെർച്ച് ചെയ്യപ്പെട്ട മറ്റു വാക്കുകൾ. അഞ്ച് അക്ഷരമുള്ള ഒരു വാക്ക് ഊഹിച്ചു കണ്ടെത്തുന്ന തരത്തിലുള്ള ഒരു ഗെയിം ആണ് വേഡിൽ. ഊഹിക്കുന്ന വാക്കുകൾ ആപ്ലിക്കേഷനിലെ അഞ്ചു കോളങ്ങളുള്ള ബോക്സിൽ ഓരോ അക്ഷരങ്ങളായി രേഖപ്പെടുത്തണം.

പ്രത്യേക കളർ കോഡിങ്ങിലൂടെ ഏത് അക്ഷരമാണ് ശരിയായതെന്നും ഏതക്ഷരമാണ് തെറ്റായിപ്പോയതെന്നും ഉപയോക്താക്കൾക്ക് മനസിലാക്കാൻ സാധിക്കും. ഒരാൾക്ക് പരമാവധി ആറു തവണ മാത്രമാണ് വാക്ക് ഊഹിക്കാൻ അവസരം ഉണ്ടാകുക.

ന്യൂയോർക്ക് ടൈംസ് പുറത്തു വിടുന്ന റിപ്പോർട്ടനുസരിച്ച് ബ്രൂക്‌ലിനിൽനിന്നുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ജോഷ് വാർഡിൽ വേഡ് ഗെയിമുകൾ ഇഷ്ടപ്പെടുന്ന തന്റെ പങ്കാളിക്കായി നിർമിച്ച ഗെയിം ആപ്ലിക്കേഷനാണ് വേഡിൽ. പിന്നീട് ഈ ആപ്ലിക്കേഷൻ ബന്ധുക്കൾക്കും സുഹ‍ൃത്തുക്കൾക്കും കൂടി പങ്കു വയ്ക്കുകയായിരുന്നു. അവരിൽനിന്നും മികച്ച പ്രതികര‌ണം ലഭിച്ചതിനെത്തുടർന്ന് 2021 ഒക്ടോബറിലായിരുന്നു ഗെയിം ലോക വ്യാപകമായി പുറത്തു വിട്ടത്.കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ ഗെയിം ഏറ്റവും കൂടുതൽ പ്രചാരം നേടിയത്.