ബാഴ്സലോണ: പ്രസവവേദന അഭിനയിച്ച് യുവതി വിമാനം അടിയന്തരമായി ലാൻഡ് ചെയ്യിപ്പിച്ചു. സ്പൈയിനിലാണ് സംഭവം.
അടിയന്തര ലാൻഡിംഗിന് ശേഷം ബാഴ്‌സലോണ വിമാനത്താവളത്തിൽ നിന്ന് 27 യാത്രക്കാർ ഓടി രക്ഷപെട്ടതായും റിപ്പോർട്ടുകൾ. ഇതിൽ 13 പേരെ സുരക്ഷാ ജീവനക്കാര്‍ പിടികൂടിയെങ്കിലും മറ്റു 14 പേർക്കായി സ്പാനിഷ് പോലീസ് തിരച്ചിൽ നടത്തി വരികയാണ്.
മൊറോക്കോയിലെ കാസബ്ലാങ്കയിൽ നിന്ന് 228 യാത്രക്കാരുമായി ഇസ്താംബൂളിലേക്ക് പോയ പെഗാസസ് എയർലൈൻസ് വിമാനമാണ് ബാഴ്‌സലോണ എൽ പ്രാറ്റ് എയർപോർട്ടിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്.
യുവതിയെ വിമാനത്തിൽ നിന്ന് ഒഴിപ്പിക്കുന്നതിനിടെയാണ് 27 യാത്രക്കാർ അനുമതിയില്ലാതെ വിമാനത്തിൽ നിന്ന് പുറത്തിറങ്ങി ഓടിപ്പോയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടി വന്ന സാഹചര്യം സൃഷ്ടിച്ച യുവതിക്കെതിരെ സ്പെയിന്‍ പൊലീസ് കേസ് എടുത്തു. ഗര്‍ഭിണി ആയിരുന്നെങ്കിലും ഇവര്‍ക്ക് പ്രസവ വേദന ആരംഭിച്ചിരുന്നില്ലെന്ന് ഡോക്ടർമാർ പരിശോധനയില്‍ കണ്ടെത്തി.
പിടികൂടിയ 13 യാത്രക്കാരിൽ അഞ്ച് പേർ വിമാനത്തിൽ തിരിച്ചു കയറി ഇസ്താംബൂളിലേക്ക് യാത്ര തുടരാൻ സമ്മതിച്ചു. മറ്റ് എട്ട് പേരെ തിരികെ മറ്റൊരു വിമാനത്തിൽ ഇസ്താംബൂളിലേക്ക് തിരിച്ചയക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു.
ഓടി രക്ഷപെട്ട ആളുകള്‍ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന് സ്പെയിന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.