ദോഹ: സ്വവര്‍ഗരതിക്കാരെ പിന്തുണച്ച് മഴവില്‍ ടീ ഷര്‍ട്ട് ധരിച്ചെത്തിയ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ലോകകപ്പ് വേദിയില്‍ കുഴഞ്ഞ് വീണ് മരിച്ചു.ഗ്രാന്‍ഡ് വാള്‍ എന്ന മാധ്യമപ്രവര്‍ത്തകനെ മഴവില്‍ ടീഷര്‍ട്ട് ധരിച്ചതിന്റെ പേരില്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞിരുന്നു. സംഭവം വിവാദമായതോടെ ഇദ്ദേഹത്തെ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചു.
ലുസൈലിലെ സ്റ്റേഡിയത്തില്‍ അര്‍ജന്റീന-നെതര്‍ലന്‍ഡ് മത്സരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് 48കാരനായ ഗ്രാന്‍ഡ് വാള്‍ കുഴഞ്ഞ് വീണ് മരിച്ചത്.
വാളിന്റെ മരണത്തില്‍ ഖത്തര്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ സഹോദരന്‍ എറിക് രംഗത്ത് എത്തി. തന്റെ പേര് എറിക് വാളെന്നാണെന്നും വാഷിംഗ്ടണിലെ സീയാറ്റലിലാണ് താമസിക്കുന്നതെന്നും താന്‍ ഗ്രാന്‍ഡ് വാളിന്റെ സഹോദരനാണെന്നും ഇന്‍സ്റ്റയില്‍ ഇദ്ദേഹം പോസ്റ്റ് ചെയ്ത ദൃശ്യത്തില്‍ പറയുന്നു. താന്‍ ഒരു സ്വവര്‍ഗാനുരാഗിയാണെന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. താന്‍ കാരണമാണ് ലോകകപ്പ് വേദിയില്‍ ഗ്രാന്‍ഡ് വാള്‍ മഴവില്‍ ടീ ഷര്‍ട്ട് ധരിച്ചെത്തിയത്. തന്റെ സഹോദരന്‍ പൂര്‍ണ ആരോഗ്യവാനായിരുന്നു. ഇപ്പോള്‍ മരിച്ചെന്ന വാര്‍ത്ത തനിക്ക് വിശ്വസിക്കാനാകുന്നില്ല. അദ്ദേഹത്തെ കൊന്നതാണ്. തനിക്ക് നീതി വേണമെന്നും അതിന് എല്ലാവരുടെയും സഹായം വേണമെന്നും അദ്ദേഹം ഇന്‍സ്റ്റയിലൂടെ അഭ്യര്‍ത്ഥിച്ചു.
ഗ്രാന്‍ഡ് മരിച്ചത് ആശുപത്രിയിലാണോ വഴി മധ്യേയാണോ എന്ന കാര്യം വ്യക്തമല്ല. സ്‌റ്റേഡിയത്തില്‍ കുഴഞ്ഞു വീണ അദ്ദേഹത്തിന് സിപിആര്‍ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടു പോയി. തുടര്‍ച്ചയായ ജോലി ഭാരം മൂലം താന്‍ ഏറെ ക്ഷീണിതനാണെന്നും സ്‌റ്റേഡിയത്തിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും ഗ്രാന്‍ഡ് വാര്‍ത്തയില്‍ പറഞ്ഞിരുന്നു.