യുഎഇയുടെ ചാന്ദ്ര പര്യവേക്ഷണത്തിനു തുടക്കം

Advertisement

അബുദാബി: അറബ് ലോകത്തിന്റെ സ്വപ്നങ്ങൾ ചന്ദ്രനിൽ എത്തിക്കുന്നതിനായി യുഎഇയുടെ ചാന്ദ്ര ദൗത്യമായ റാഷിദ് റോവർ കുതിച്ചുയർന്നത് ചരിത്ര ദൗത്യത്തിലേക്ക്. രാജ്യത്തിന്റെ ദീർഘകാല ചാന്ദ്ര പര്യവേക്ഷണത്തിന് ഇതോടെ തുടക്കമായി. ഫ്ലോറിഡ കേപ് കനാവറലിലെ വിക്ഷേപണത്തറയിൽനിന്ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിൽ യുഎഇ സമയം രാവിലെ 11.38ന് യാത്ര തിരിച്ചു.

ജാപ്പനീസ് കമ്പനിയായ ഐസ്‌പേസ് നിർമിച്ച ഹകുട്ടോ-ആർ മിഷൻ–1 ലാൻഡറിൽ 5 മാസം നീളുന്ന യാത്രയ്ക്കൊടുവിൽ ഏപ്രിൽ അവസാനത്തോടെ റാഷിദ് റോവർ ചന്ദ്രനിൽ ഇറങ്ങും. സർക്കാർ, സ്വകാര്യ മേഖലകളിലെ വിവിധ പേടകങ്ങളും വഹിച്ചാണ് ലാൻഡർ പറന്നുയർന്നത്. അതിൽ ഒന്നു മാത്രമാണ് 10 കിലോ ഭാരമുള്ള യുഎഇ നിർമിത റാഷിദ് റോവർ.

ചന്ദ്രനിലേക്കുള്ള യുഎഇയുടെ കുതിപ്പ് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിന്റെ കൺട്രോൾ റൂമിലിരുന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ തൽസമയം കണ്ടു.

ചന്ദ്രനിലേക്കുള്ള വഴികൾ അതികഠിനമാണെങ്കിലും എല്ലാം ശരിയായി നടക്കുമെന്ന ആത്മവിശ്വാസം ഉണ്ടെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ ഡയറക്ടർ ജനറൽ സാലിം അൽ മർറി പറഞ്ഞു. ലോ​ഞ്ച് ചെയ്ത് 35 മിനിറ്റിനുശേഷം ഐസ്പേസ് ലാൻഡർ റോക്കറ്റിൽ നിന്നും വേർപ്പെട്ട് ദൗത്യത്തിലേക്കുള്ള കുതിപ്പു തുടങ്ങി.

ലാൻഡറിൽനിന്നുള്ള ആദ്യ സിഗ്നൽ ലഭിച്ചതോടെ വിക്ഷേപണം വിജയകരമായതായി സ്പേസ് എൻജിനീയറിങ് സീനിയർ ഡയറക്ടർ അമർ അൽ സാഗ് അൽ ഗാഫിരി പറഞ്ഞു. എന്നാൽ ചന്ദ്രനിൽ ഇറങ്ങുക എന്നത് വെല്ലുവിളി നിറഞ്ഞതാണ്. ചാന്ദ്ര ലാൻഡിങ് ദൗത്യങ്ങളിൽ മൂന്നിലൊന്നും പരാജയപ്പെട്ടതായാണ് മുൻകാല ചരിത്രം.

അമേരിക്കയും മുൻ സോവിയറ്റ് യൂണിയനും ചൈനയും മാത്രമാണ് ചന്ദ്രനിലെ ലാൻഡിങ് വിജയകരമാക്കിയത്. അടുത്തയിടെ ഇന്ത്യയും ഇസ്രയേലും ക്രാഷ് ലാൻഡിങ് നടത്തിയിരുന്നു. ചന്ദ്രന്റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന മാരെ ഫ്രിഗോറിസ് സൈറ്റിലെ അറ്റ്‌ലസ് ഗർത്തത്തിൽ റാഷിദ് റോവറിനെ ഇറക്കാനാണ് പദ്ധതി.

14 ദിവസത്തോളം ചന്ദ്രനിൽ തങ്ങുന്ന റാഷിദ് റോവർ ശാസ്ത്രീയ വിവരങ്ങളും ചിത്രങ്ങളും പകർത്തി ഭൂമിയിലേക്കു നൽകും. ചന്ദ്രനിലെ മണ്ണ്, ഭക്ഷണ സാധ്യതകൾ, ശിലാരൂപീകരണ ശാസ്ത്രം, പ്രകൃതി, പൊടിപടലങ്ങളുടെ ചലനം, ചന്ദ്രോപരിതലത്തിലെ പ്ലാസ്മയുടെ അവസ്ഥ, ഫോട്ടോ ഇലക്ട്രോൺ കവചം എന്നിവ പഠന വിധേയമാക്കുകയാണ് ലക്ഷ്യം.

Advertisement