മലയാളി നഴ്സിന്റെയും മക്കളുടെയും കൊലപാതകം: സജു ഇനി പുറംലോകം കണ്ടേക്കില്ല

Advertisement

ലണ്ടൻ: മിഡ്ലാൻസിലെ കെറ്ററിങ്ങിൽ ഭാര്യയേയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ ഭർത്താവ് കണ്ണൂർ ഇരിട്ടി പടിയൂർ കൊമ്പൻപാറ ചേലപാലൻ സാജുവിനെതിരെ നോർത്താംപ്ടൺ പൊലീസ് കുറ്റപത്രം തയാറാക്കി ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തി. മൂന്നു കൊലയുടെയും ഉത്തരവാദിത്തം സാജു സമ്മതിച്ചതോടെ അതീവ ഗുരുതര വകുപ്പുകൾ പ്രകാരമാണ് കേസുകൾ ചാർജ് ചെയ്തിരിക്കുന്നത്. ആയതിനാൽ സാജുവിന് കേസിൽ പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് സൂചന.

പലപ്പോഴും ഇത്തരം കേസുകളിൽ 30 വർഷം വരെ ശിക്ഷ ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കാത്തതിനാൽ 52 കാരനായ സജു ശേഷിച്ച കാലം ബ്രിട്ടനിലെ ജയിലിൽ തന്നെ കഴിയേണ്ടി വന്നേക്കാം എന്നാണ് നിയമ വിദഗ്ധർ സൂചിപ്പിക്കുന്നത്. രണ്ടിൽ കൂടുതൽ കൊല ചെയ്യുന്നവർക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന സാഹചര്യവും 18 വയസിൽ താഴെയുള്ള രണ്ടു കുട്ടികളുടെ കൊലപാതകവും ചേർന്ന പൊലീസ് കുറ്റപത്രം സാജുവിനെ ഇനി പുറം ലോകം കാണിക്കില്ലെന്ന സൂചനയാണ് പ്രാഥമികമായി നൽകുന്നത്.

ഇതോടെ ഈ കേസിൽ അതിവേഗ വിചാരണയും ഉണ്ടായേക്കും എന്നും സൂചനയുണ്ട്. കൊലപാതകം നടന്ന ഉടൻ പ്രതിയെ സംഭവസ്ഥലത്തു നിന്നും അറസ്റ്റ് ചെയ്യാനായതും തെളിവുകൾ അതിവേഗം കണ്ടെത്താനായതും പൊലീസിന് കേസിൽ നിർണായക നേട്ടമായി. ഇതോടെ കൃത്യം നടന്നു 72 മണിക്കൂറിനകം കുറ്റപത്രം തയാറായി. ലെസ്റ്റർ റോയൽ ഇൻഫർമറിയിൽ വച്ച് കഴിഞ്ഞ ദിവസം മൂവരുടെയും ഫൊറൻസിക് പരിശോധനകളും നടന്നിരുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മൂവരെയും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറഞ്ഞത്. അഞ്ജുവിന്റെയും ജീവയുടെയും ജാൻവിയുടെയും കുടുംബത്തോടൊപ്പമാണെന്നും അവർക്ക് നീതി ലഭിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ടെന്നും കേസ് അന്വേഷണ ചുമതലയുള്ള സീനിയർ ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ ഡിറ്റക്ടീവ് ഇൻസ്പെക്ടർ സൈമൺ ബാൺസ് പറഞ്ഞു. നാളെ നോർത്താംപ്ടൺ മജിസ്‌ട്രേറ്റ് കോടതിയിൽ സാജുവിനെ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.