യുകെ മലയാളികൾ സമാഹരിച്ച പണം കൊല്ലപ്പെട്ട അഞ്ജുവിന്റെ കുടുംബത്തിനു കൈമാറും

Advertisement

ലണ്ടൻ: ബ്രിട്ടനിൽ കൊല്ലപ്പെട്ട അഞ്ജുവിനും കുട്ടികൾക്കും അന്ത്യവിശ്രമമൊരുക്കാൻ യുക്മയും കെറ്ററിങ് മലയാളി വെൽഫെയർ അസോസിയേഷനും സംയുക്തമായി ആരംഭിച്ച ഫണ്ട് ശേഖരണം മണിക്കൂറുകൾക്കുള്ളിൽ ലക്ഷ്യത്തിലെത്തി അവസാനിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ ഹൈക്കമ്മിഷൻ നടപടി സ്വീകരിക്കുന്ന സാഹചര്യത്തിൽ ഈ പണം കുടുംബത്തിനു കൈമാറും.

വിമർശകരുടെ വായടപ്പിച്ചു കൊണ്ടാണ് നന്മകൾ നിറഞ്ഞ യുകെ മലയാളി സമൂഹം തങ്ങളുടെ ഉത്തരവാദിത്വം മണിക്കൂറുകൾക്കുള്ളിൽ നിറവേറ്റിയത്. അവരുടെ നന്മകൾക്ക് മുന്നിൽ വിനയാന്വിതരാവുകയാവുകയാണെന്ന് യുക്മ ഭാരവാഹികൾ അറിയിച്ചു.

കെറ്ററിഗിൽ കൊല്ലപ്പെട്ട അഞ്ജുവിനും കുട്ടികൾക്കും നാട്ടിൽ അന്ത്യവിശ്രമമൊരുക്കാൻ അവരുടെ നാട്ടിലെ ഭവനം സന്ദർശിച്ച യുക്മ വക്താവ് അഡ്വ.എബി സെബാസ്റ്റ്യനോട് പിതാവ് അശോകൻ അഭ്യർഥിച്ച പ്രകരമാണ്, കെറ്ററിഗ് മലയാളി വെൽഫയർ അസോസിയേഷന്റെ സഹകരണത്തോടെ യുക്മ ഫണ്ട് ശേഖരണം ആരംഭിച്ചത്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ലക്ഷ്യമായ 25,000 പൗണ്ടിനു മുകളിൽ ശേഖരിക്കുകയും ഫണ്ട് ശേഖരണം അവസാനിപ്പിക്കുകയും ചെയ്തു. 30,209 പൗണ്ടാണ് ‘ജസ്റ്റ് ഗിവിംങ്’ എന്ന ക്രൌഡ് ഫണ്ടിങ് പ്ലാറ്റ്ഫോമിലൂട തികച്ചും സുതാര്യമായി സമാഹരിക്കാനായത്.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ചിലവുകൾ ഇന്ത്യൻ ഹൈക്കമ്മീഷൻ വഹിക്കുമെന്ന് യുക്മ നേതൃത്വത്തെ അറിയിച്ചതിനാൽ ശേഖരിച്ച തുക അഞ്ജുവിന്റെ പാവപ്പെട്ട കുടുംബത്തിന് എത്രയും പെട്ടെന്ന് കൈമാറാനാണ് ഉദ്ദേശിക്കുന്നത്.

യുകെ മലയാളികളുടെ സ്നേഹവും അനുകമ്പയും സഹജീവി സ്നേഹവും ഒന്ന്കൂടി ഊട്ടി ഉറപ്പിക്കുന്നതായിരുന്നു മണിക്കൂറുകൾക്കുള്ളിൽ ലഭിച്ച പ്രതികരണം. വൈക്കം എംഎൽഎ സി. കെ. ആശയോടൊന്നിച്ച് യുക്മ വക്താവ് അഡ്വ.എബി സെബാസ്റ്റ്യൻ, യുകെ മലയാളി ജഗദീഷ് നായർ എന്നിവർ അഞ്ജുവിന്റെ വൈക്കം കുലശേഖരമംഗലത്തെ ഭവനം സന്ദർശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും കുടുംബത്തിന് യുക്മയുടെ പൂർണ പിന്തുണ അറിയിക്കുകയും ചെയ്തു.
നോർക്ക അധികാരികളുമായി നാട്ടിലുള്ള യുക്മ പ്രഡിഡന്റ് ഡോ. ബിജു പെരിങ്ങത്തറ ബന്ധപ്പെട്ട് യുകെയിൽ നിന്നും ഉള്ള എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. യുകെയിലെ ഇന്ത്യൻ എംബസിയുമായി യുക്മ ലെയ്സൺ ഓഫിസർ മനോജ് പിള്ളയും നിരന്തരമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തുന്നുണ്ട്.

കെറ്ററിഗ് മലയാളി വെൽഫയർ അസോസിയേഷൻ ഭാരവാഹികളായ ബെന്നി ജോസഫ്, അരുൺ സെബാസ്റ്റ്യൻ, അനീഷ് തോമസ്‌, മനോജ് മാത്യു, സിബു ജോസഫ്, സോബിൻ ജോൺ തുടങ്ങിയവർ കെറ്ററിങ് പൊലീസ്, എൻ എച്ച് എസ് അധികാരികൾ എന്നിവരുമായി ബന്ധപ്പെട്ട് ഭൗതികശരീരം എത്രയും വേഗം നാട്ടിലെത്തിക്കുവാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.

ഏതാനും മാസങ്ങൾക്കു മുമ്പ് ബ്രിട്ടനിൽ കാറപകടത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും അവരുടെ കുടുംബത്തെ സഹായിക്കാനും സമാനമായ രീതിയിൽ ശ്ലാഘിനീയമായ സേവനം കാഴ്ചവച്ചിരുന്നു. അന്നും ദിവസങ്ങൾക്കുള്ളിൽ ലക്ഷ്യം വച്ചതിനേക്കാൾ കൂടുതൽ തുക സമാഹരിച്ച് കുടുംബങ്ങളെ സഹായിക്കാൻ യുക്മയ്ക്കു സാധിച്ചിരുന്നു. ചില സന്ദർഭങ്ങളിൽ സമാനമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ യുക്മ അംഗമല്ലാത്ത പ്രാദേശിക അസോസിയേഷനുകൾ കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ ചെയ്യുന്നെങ്കിൽ അവിടെ യുക്മ ഇടപെടാറില്ല. എല്ലാ യുകെ മലയാളികളെയും സഹായിക്കുന്ന മനോഭാവമാണ് യുക്മയ്ക്കുള്ളതെന്നും ഭാരവാഹികൾ അറിയിച്ചു.