അറിയുമോ പരമ്പര കൊലയാളി ചാൾസ് ശോഭരാജിന്റെ ജീവിതം, അതിങ്ങനെ

Advertisement

കാഠ്മണ്ഡു: പ്രായാധിക്യം കണക്കിലെടുത്ത് ഫ്രഞ്ച് സീരിയൽ കില്ലർ ചാൾസ് ശോഭരാജിനെ ജയിൽമോചിതനാകുന്നു.

ഈ വേളയിൽ ശോഭരാജിന്റെ കൊടും ക്രൂരതയുടെ കഥകൾ വീണ്ടും ഓർമ്മിക്കപ്പെടുകയാണ്. തായ്‌ലൻഡിൽ നടത്തിയ 14 കൊലപാതകങ്ങൾ ഉൾപ്പെടെ 20 കൊലപാതകങ്ങൾ ചാൾസ് ശോഭരാജ് നടത്തിയെന്നാണ് കരുതപ്പെടുന്നത്. 1976 മുതൽ 1997 വരെ ഇന്ത്യയിലെ ജയിലിലായിരുന്ന ചാൾസ് ശോഭരാജ് ജയിൽമോചിതനായ ശേഷം പാരിസിലേക്ക് പോയി. 2003-ൽ നേപ്പാളിലേക്ക് മടങ്ങിയതോടെ വീണ്ടും ജയിലിലാവുകയായിരുന്നു. ശോഭരാജിന് 78 വയസാണിപ്പോൾ.

നേപ്പാൾ സുപ്രീം കോടതിയാണിപ്പോൾ ജയിൽ മോചിതനാക്കാൻ ഉത്തരവിട്ടത്. ജയിൽമോചിതനായി 15 ദിവസത്തിനുള്ളിൽ ചാൾസ് ശോഭരാജിനെ നേപ്പാളിൽ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു. രണ്ട് അമേരിക്കൻ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കുറ്റത്തിന് 2003 മുതൽ തടവിൽ കഴിയുകയാണ് ശോഭരാജ്. ഇയാൾ ആകെ 20 കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.

1975ൽ യുഎസ് പൗരരായ കോണി ജോ ബ്രോൺസിച്ച്‌, സുഹൃത്ത് ലോറന്റ് കാരിയർ എന്നിവരെ നേപ്പാളിൽവെച്ച്‌ കൊലപ്പെടുത്തിയ ശേഷം അപ്രത്യക്ഷനായ ചാൾസ് ശോഭരാജിനെ 2003 സെപ്റ്റംബർ ഒന്നിന് നേപ്പാളിലെ ഒരു കാസിനോയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കാഠ്മണ്ഡുവിലും ഭക്തപുരിലുമായാണ് ചാൾസ് ഇവരുടെ കൊല നടത്തിയതെന്നതിനാൽ പ്രത്യേക കേസുകളായാണ് ചാൾസിനെതിരെ കുറ്റപത്രം തയ്യാറാക്കിയത്.

കൊലപാതകത്തിന് 20 വർഷം തടവുശിക്ഷയും വ്യാജപാസ്‌പോർട്ട് ഉപയോഗിച്ചതിന് ഒരു കൊല്ലവും ചേർത്ത് 21 വർഷത്തെ ജയിൽശിക്ഷയാണ് കോടതി ചാൾസിന് നൽകിയത്. വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചതിന് 2,000 രൂപ പിഴയും ചുമത്തിയിരുന്നു. 19 കൊല്ലത്തെ തടവ് ശിക്ഷ ചാൾസ് ശോഭരാജ് ഇതിനോടകം പൂർത്തിയാക്കിക്കഴിഞ്ഞു. ചാൾസ് ഗുരുമുഖ് ശോഭരാജ് ഹോത്ചന്ദ് ഭാവ്‌നാനി എന്ന പരമ്പര കൊലയാളിയുടെ ഇരകൾ ഹിപ്പി സംസ്‌കാരം പിന്തുടരുന്ന പടിഞ്ഞാറൻ വിനോദസഞ്ചാരികളായിരുന്നു. ബിക്കിനി കില്ലർ, സ്പ്ലിറ്റിങ് കില്ലർ, സെർപന്റ് എന്നീ അപരനാമങ്ങൾ ശോഭരാജിനുണ്ടായിരുന്നു.

ഇന്ത്യക്കാരനായ ശോഭരാജ് ഹോത്ചന്ദ് ഭാവ്‌നാനിയും വിയറ്റ്‌നാം സ്വദേശി ട്രാൻ ലോവാങ് ഫുനും ആണ് ചാൾസിന്റെ മാതാപിതാക്കൾ. വിവാഹിതരാകാത്തതിനാൽ ചാൾസിന്റെ പിതൃത്വം ഏറ്റെടുക്കാൻ ശോഭരാജ് ഹോത്ചന്ദ് ഭാവ്‌നാനി തയ്യാറായിരുന്നില്ല. ഫ്രഞ്ച് സൈനികനുമായി അമ്മയുടെ വിവാഹം നടന്നതോടെ അവർക്കൊപ്പം ചാൾസ് ഫ്രാൻസിലേക്ക് പോയി.

കൗമാരകാലത്തുതന്നെ ചെറിയ കുറ്റകൃത്യങ്ങൾ ചെയ്തുതുടങ്ങിയ ചാൾസ് 1963ൽ തന്റെ പത്തൊമ്പതാമത്തെ വയസിൽ ഭവനഭേദനത്തിന് ജയിലായി. പരോളിൽ പുറത്തിറങ്ങിയ ചാൾസ് അധോലോകത്തിലേക്ക് ആകൃഷ്ടനായി. ഭവനഭേദനത്തിലൂടെയും മറ്റും പണം സമ്പാദിക്കാനാരംഭിച്ചു. അതിനിടെ പാരിസ് സ്വദേശിയായ ചാന്റൽ കോംപാഗ്നനുമായി പ്രണയത്തിലായ ചാൾസ് വിവാഹാഭ്യർഥന നടത്തുകയും ചെയ്തു. അന്നേദിവസം തന്നെ വാഹനമോഷണക്കുറ്റത്തിന് പിടിയിലായ ചാൾസ് എട്ട് മാസം തടവിൽ കഴിഞ്ഞു.

ജയിൽമോചിതനായതിന് ശേഷം ചാന്റലുമായി ചാൾസിന്റെ വിവാഹം നടന്നു. 1970ൽ അറസ്റ്റ് ഭയന്ന് ഗർഭിണിയായ ചാന്റലുമായി ഏഷ്യയിലേക്ക് കടന്നു. ഇതിനിടെ ചൂതുകളിയിലും ചാൾസിന് കമ്പം കയറി. ഒടുവിൽ ചാന്റലുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച്‌ ചാൾസ് ശോഭരാജ് മേരി ആൻഡ്രീ ലെക്ലെർക്ക് എന്ന കനേഡിയൻ യുവതിയുമായി പരിചയത്തിലാവുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു.

1970കളിലാണ് ചാൾസ് യൂറോപ്പിൽ മരണത്തിന്റെ ഭീതിവിതച്ചത്. 1972നും 1976നും ഇടയിൽ ശോഭരാജ് കൊന്നുതള്ളിയത് രണ്ട് ഡസനോളം മനുഷ്യരെയാണ്. ആദ്യകാലത്ത് ബിക്കിനി കില്ലർ എന്നായിരുന്ന ചാൾസിന്റെ അപരനാമം. ക്രൂരമായ കൊലപാതകങ്ങൾ സെർപന്റ് എന്ന പേരും ശോഭാരാജിന് നേടിക്കൊടുത്തു. 1976-ലാണ് ചാൾസ് ആദ്യമായി അറസ്റ്റിലാകുന്നത്. എന്നാൽ അയാൾ സമർഥമായി ജയിൽചാടി. അതിനുശേഷം പല രാജ്യങ്ങളിൽ യാത്രചെയ്ത് പല ഭാഷകളിലും പ്രാവീണ്യം നേടി.

ഇന്ത്യയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ച് വിനോദസഞ്ചാരികളുടെ ഭക്ഷണത്തിൽ വിഷം കലർത്തിയതിനും ഇസ്രയേലി ടൂറിസ്റ്റിനെ കൊന്നതിനും ശോഭരാജിനും ഭാര്യയ്ക്കുമെതിരേ ഇന്ത്യൻ പൊലീസ് കുറ്റം ചുമത്തി. ഒടുവിൽ ഇത് ശോഭരാജിന്റെ അറസ്റ്റിലേക്കു നയിച്ചു. എന്നാൽ 1986 ൽ ഡൽഹിയിലെ തിഹാർ ജയിലിൽ നിന്ന് ചാൾസ് സമർഥമായി രക്ഷപ്പെട്ടു. എന്നാൽ ഒരുമാസത്തിനു ശേഷം പിടിയിലായി. ജയിൽ ചാടിയതിന്റെ ശിക്ഷകൾ കൂടി അനുഭവിച്ച ശേഷം 1997ൽ ചാൾസ് ശോഭരാജ് പുറത്തിറങ്ങി. തുടർന്ന് പാരീസിലേക്കു പോയ ഇയാൾ അവിടെ ആഡംബരജീവിതം നയിച്ചു.

കൊടുംകുറ്റവാളിയായിരുന്നിട്ടും ലോകത്തെമ്പാടും ചാൾസ് ശോഭരാജിന് ഒരു സെലിബ്രിറ്റി പരിവേഷം ലഭിച്ചിരുന്നു. തന്റെ കുപ്രസിദ്ധി ചാൾസ് ആസ്വദിക്കുകയും ചെയ്തിരുന്നു. നാല് ജീവചരിത്രങ്ങൾ, മൂന്ന് ഡോക്യുമെന്ററികൾ, സിനിമ, ഡ്രാമ സീരീസ് എന്നിവയ്ക്ക് ചാൾസ് ശോഭരാജിന്റെ ജീവിതകഥ അടിസ്ഥാനമായി.

Advertisement