കുഞ്ഞുങ്ങളെ പലകാരണങ്ങൾ കൊണ്ട് നിഷ്ക്കരുണം കൊന്ന് തള്ളുന്ന മാതാപിതാക്കളെക്കുറിച്ചുള്ള വാർത്തകൾ ദൈനംദിനം നമ്മുടെ മുന്നിലേക്ക് വന്ന് ചേരാറുണ്ട്. എന്നാൽ വ്യത്യസ്തമായ ഒരു സംഭവമാണ് ഒരുമൃഗത്തിൽ നിന്ന് ഉണ്ടായിരിക്കുന്നത്. തന്റെ പൊന്നോമന മരിച്ചിട്ടും ആ ശരീരവും നെഞ്ചോടടുക്കിപിടിച്ച് കണ്ണീർ വാർക്കുന്ന ഒരമ്മ,
മാതൃസ്നേഹത്താൽ ലോക ജനതയുടെ മനസു കീഴടക്കിയ മഹാലെ എന്ന അമ്മ ചിമ്പാൻസി ഇന്ന് ജീവനറ്റ തന്റെ കുഞ്ഞിനെ മാറോടണച്ച് കരയുകയാണ്. തന്റെ ഓമനക്കുഞ്ഞിന്റെ വിയോഗം ഇനിയും അവൾക്ക് ഉൾക്കൊള്ളാനായിട്ടില്ല. ഹൃദയഭേദകമായ ഈ കാഴ്ച കണ്ടു നിൽക്കാൻ പാടു പെടുകയാണ് കൻസാസിലെ വിചിറ്റയിലുള്ള സെഡ്‌ജ്‌വിക്ക് കൗണ്ടി മൃഗശാല അധികൃതരും. ഏതാനും മാസം മുൻപാണ് മഹാലെ എന്ന അമ്മ ചിമ്പാൻസിയും അവളുടെ കുഞ്ഞായ കുചേസയും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയത്.
കഴിഞ്ഞ നവംബർ 15 നാണ് മഹാലെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നൽകുന്നത്.രണ്ടു ദിവസത്തെ നിരീക്ഷണത്തിനു ശേഷം മൃഗശാല അധികൃതർ കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി. മാതൃവാത്സല്യത്തോടെ തന്റെ കുഞ്ഞിനെ വാരിയെടുക്കുന്ന മഹാലെയുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്. ആരുടെയും കണ്ണു നനയിക്കുന്ന ഹൃദയ സ്പർശിയായ ആ ദൃശ്യങ്ങൾ അന്ന് നിരവധി പേരാണ് ഷെയർ ചെയ്തത്. ഏതു ജീവികളിലായാലും അമ്മയോളം വരുമോ മറ്റേതു സ്നേഹവും എന്നാണ് ഈ ദൃശ്യങ്ങൾ കണ്ട് അന്ന് ലോകമൊന്നടങ്കം ചോദിച്ചത്.
മൃഗശാല അധികൃതരാണ് കഴിഞ്ഞ ദിവസം കുചേസയെ ജീവനറ്റ നിലയിൽ കണ്ടെത്തിയത്. ശ്വാസം നിലച്ചെങ്കിലും തന്റെ കുഞ്ഞിനെ മാറോടണച്ചു നിൽക്കുകയായിരുന്നു മഹാലെ . കുഞ്ഞു കുചേസയുടെ മരണകാരണം കണ്ടെത്താനുളള ശ്രമം തുടരുകയാണ്. എത്ര കാലം കഴിഞ്ഞാലും മഹാലയ്ക്ക് കുചേസയോടുള്ള സ്നേഹം ലോകമോർക്കും. ഈ കുറഞ്ഞ കാലം കൊണ്ടു തന്നെ കുചേസ നിരവധി പേർക്ക് സന്തോഷം പകർന്നിട്ടുണ്ട്. ചിമ്പാൻസികളെക്കുറിച്ചും അവർ നേരിടുന്ന അപകടങ്ങളെക്കുറിച്ചും അവയെ എന്തിന് സംരക്ഷിക്കണമെന്നതിനെക്കുറിച്ചുമെല്ലാം ലോകത്തിന് അവബോധം നൽകാൻ അവനു കഴിഞ്ഞതായി മൃഗശാല അധികൃതർ പറഞ്ഞു.
28 കാരിയായ മഹേലയുടെ മൂന്നാമത്തെ കുഞ്ഞായിരുന്നു കുചേസ.ചിമ്പാൻസികൾ വംശനാശ ഭീഷണി നേരിടുന്ന പശ്ചാത്തലത്തിൽ കുചേസയുടെ ജനനം നിർണായകമായിരുന്നു.