ദോഹ: ഫുട്ബോള്‍ മിശിഹയും ഇതിഹാസവുമായ ലയണല്‍ മെസ്സി ലോകകപ്പ് സമയത്ത് ഖത്തറില്‍ താമസിച്ച മുറി ഇനി ആരാധകര്‍ക്ക് ഓര്‍ക്കാനുള്ള ഇടമാകുന്നു. ഈ മുറി മിനി മ്യൂസിയമാക്കാനാണ് അധികൃതരുടെ തീരുമാനം.
ഖത്തര്‍ യൂണിവേഴ്സിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യൂണിവേഴ്സിറ്റി ക്യാമ്ബസിലെ ഹോസ്റ്റലിലുള്ള മുറിയിലായിരുന്നു ലോകകപ്പ് മത്സരങ്ങള്‍ക്കായി എത്തിയ മെസ്സിയും കൂട്ടരും താമസിച്ചിരുന്നത്.
29 ദിവസത്തോളം അര്‍ജന്റീന ടീം ഖത്തറില്‍ കഴിഞ്ഞിട്ടുണ്ട്. നവംബര്‍ മൂന്നാം വാരം മുതല്‍ ഡിസംബര്‍ 19 വരെയാണ് സംഘം ഖത്തറില്‍ തങ്ങിയത്. പിന്നീട് ലോക ചാമ്ബ്യന്മാരായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
പല ലോകകപ്പുകളും കണ്ടിട്ടുള്ള താരങ്ങള്‍ക്ക് ഈ ലോകകപ്പ് മറക്കാനാവില്ല അത്ര ഓര്‍മ്മക്കുതകും വിധമാണ് ഓരോന്നും ഖത്തര്‍ ഒരുക്കിയത്.
ഏകദേശം ഒരു മാസത്തോളം മിശിഹായും സംഘവും താമസിച്ച സ്ഥലം അതിമനോഹരമായാണ് ഖത്തര്‍ അലങ്കരിച്ചിരുന്നത്. ഹോസ്റ്റലിലെ ചുമരുകള്‍ക്കും വാതിലുകള്‍ക്കും അര്‍ജന്റീനയുടെ ജഴ്സിയുടെ നിറമായിരുന്നു. ചുമരുകള്‍ നിറയെ ടീം അംഗങ്ങളുടെ ഫോട്ടോകള്‍ പതിച്ചിരുന്നു. യൂണിവേഴ്സിറ്റി ക്യാമ്ബസിനുള്ളില്‍ ഒരു മിനി അര്‍ജന്റീന തന്നെ പുനഃസൃഷ്ടിക്കാനായിരുന്നു അധികൃതരുടെ ശ്രമം. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയും യൂണിവേഴ്സിറ്റി അധികൃതരും ചേര്‍ന്നാണ് താമസ സൗകര്യങ്ങള്‍ ഒരുക്കിയത്.