ഉസ്ബെക്കിസ്ഥാനിലെ കുട്ടികളുടെ മരണം: ഉൽപ്പാദനം നിർത്തി, ഖേദം പ്രകടിപ്പിച്ച് മരുന്നു കമ്പനി

Advertisement

ന്യൂഡൽഹി: ഇന്ത്യന്‍ കമ്പനി ഉല്‍പാദിപ്പിച്ച സിറപ്പ് കുടിച്ചാണ് 18 കുട്ടികള്‍ മരിച്ചതെന്ന് ഉസ്‌ബെക്കിസ്ഥാന്‍ ആരോപിച്ചതിനു പിന്നാലെ മരുന്നിന്റെ ഉല്‍പാദനം നിര്‍ത്തിവച്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മാരിയോണ്‍ ബയോടെക്. കുട്ടികളുടെ മരണത്തില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു. കേന്ദ്ര ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ) അന്വേഷണം ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ചുമ മരുന്ന് ഇന്ത്യയില്‍ വിറ്റിട്ടില്ലെന്നു കമ്പനി അറിയിച്ചു. മരുന്നിന്റെ കയറ്റുമതി മാത്രമാണുള്ളത്. കമ്പനിയുടെ നോയിഡ ഓഫിസില്‍ അധികൃതര്‍ പരിശോധന നടത്തി.

മാരിയോണ്‍ ബയോടെക്കിന്റെ ഡോക്-1 മാക്‌സ് സിറപ്പ് കഴിച്ച 21 കുട്ടികളില്‍ 18 പേര്‍ മരിച്ചതായി ഉസ്‌ബെക് ആരോഗ്യമന്ത്രാലയം ബുധനാഴ്ചയാണ് പുറത്തുവിട്ടത്. ഒരു ബാച്ച് സിറപ്പിന്റെ പരിശോധനയില്‍ എത്ലിന്‍ ഗ്ലൈക്കോള്‍ കണ്ടെത്തിയെന്നാണ് ഉസ്‌ബെക് സര്‍ക്കാര്‍ അറിയിച്ചത്. ഉസ്‌ബെക് ആരോഗ്യമന്ത്രാലയത്തോട് കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്ന് ഇന്ത്യയുടെ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം.

സംഭവത്തില്‍ ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ ഇടപെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും കമ്പനിയുടെ അഭിഭാഷകന്‍ ഹസന്‍ ഹാരിസ് അറിയിച്ചു. ”ഞങ്ങളുടെ ഭാഗത്തുനിന്ന് പ്രശ്‌നങ്ങള്‍ ഒന്നുമില്ല, പരിശോധനകളിലും പ്രശ്‌നങ്ങള്‍ കണ്ടില്ല. കഴിഞ്ഞ 10 വര്‍ഷമായി ഞങ്ങളുടെ സാന്നിധ്യം ആ രാജ്യത്തുണ്ട്. സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് വരുമ്പോള്‍ അതേക്കുറിച്ച് പരിശോധിക്കുന്നതായിരിക്കും. നിലവില്‍ ഉല്‍പ്പാദനം നിര്‍ത്തിവച്ചു” ഹാരിസ് അറിയിച്ചു.

Advertisement