ന്യൂഡൽഹി: ചൈന, ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ജനുവരി ഒന്നു മുതൽ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇവർ ‘എയര്‍സുവിധ’ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റിലൂടെ അറിയിച്ചു. നിലവിൽ വിമാനത്താവളങ്ങളിൽ ഇടവിട്ട് രണ്ടു ശതമാനം യാത്രക്കാരിൽ മാത്രം നടത്തുന്ന പരിശോധന തുടരുന്നുണ്ട്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പരിശോധന നടത്തിയ 6,000 യാത്രക്കാരിൽ 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് വർധനവ് കൈകാര്യം ചെയ്യുന്നതിനും രാജ്യത്തിന്റെ തയാറെടുപ്പ് വിലയിരുത്താനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും അടുത്തിടെ ഉന്നതതല ചർച്ചകൾ നടത്തിയിരുന്നു. കോവിഡുമായി ബന്ധപ്പെട്ട് രാജ്യത്ത് അടുത്ത 40 ദിവസം നിർണായകമാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.