ചന്ദ്രനിലേക്ക് ജലം വന്നത് സൂര്യനിൽ നിന്ന്, കണ്ടെത്തലുമായി ചൈനീസ് ഗവേഷകർ

Advertisement

ചന്ദ്രന്റെ ഉപരിതലത്തിലുള്ള ജലം വന്നത് സൂര്യനിൽ നിന്നെന്ന് പുതിയ പഠനങ്ങൾ. കൂടുതൽ കൃത്യമായി പറഞ്ഞാൽ സൗര കാറ്റിനെ തുടർന്ന് ചന്ദ്രനിലേക്കെത്തുന്ന ഹൈഡ്രജൻ കണങ്ങളാണ് ജല തന്മാത്രകൾ രൂപപ്പെടാൻ സഹായിക്കുന്നതെന്നാണ് ചൈനീസ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ യുചെൻ സു, ഹെൻങ് സി ടിയാൻ എന്നീ ജിയോ കെമിസ്റ്റുകളാണ് പഠനത്തിന് നേതൃത്വം നൽകിയത്. ചൈനയുടെ ചാങ് ഇ 5 ദൗത്യത്തിലൂടെയും അപ്പോളോ, ലൂണ ദൗത്യങ്ങളിലൂടെയും ശേഖരിച്ച വിവരങ്ങളും വസ്തുക്കളുമാണ് ഇവർ പഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

സൗര കാറ്റിൽ നിന്നാണ് ചന്ദ്രനിൽ ജല തന്മാത്രകൾക്കുവേണ്ട ഹൈഡ്രജൻ കണങ്ങൾ ലഭിച്ചതെന്ന കണ്ടെത്തൽ ഭൂമിയിൽ ജലത്തിന്റെ ഉത്ഭവം സംബന്ധിച്ച ചോദ്യങ്ങൾക്ക് പോലും ഉത്തരം കണ്ടെത്താൻ സഹായിക്കുന്നതാണ്. ഒറ്റ നോട്ടത്തിൽ അടിമുടി പൊടി നിറഞ്ഞ ഗോളമാണ് ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ. ഭൂമിയിലേതുപോലെ ഒഴുകുന്ന ജലമില്ലെങ്കിലും ചന്ദ്രനിലും ജലസാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കോടിക്കണക്കിന് വർഷങ്ങളായി സൂര്യപ്രകാശം എത്തിയിട്ടില്ലാത്ത ചന്ദ്രനിലെ ഗർത്തങ്ങളിൽ മഞ്ഞുണ്ടാവാനുള്ള സാധ്യതയും ഗവേഷകർ തള്ളിക്കളയുന്നില്ല.

ചന്ദ്രനിൽ എത്ര ജലമുണ്ട്? എവിടെയൊക്കെയാണ് ജലമുള്ളത്? എങ്ങനെ ജലം ഉണ്ടായി? തുടങ്ങിയ ചോദ്യങ്ങൾക്കൊക്കെ ഉത്തരം തേടാനായിരുന്നു ഗവേഷകർ ശ്രമിച്ചത്. സൂര്യനിൽ നിന്നുള്ള പ്രകാശത്തിലോ സൗരകാറ്റിലോ ഏതെങ്കിലും തരത്തിലുള്ള ഈർപ്പമില്ല. എന്നാൽ അതിവേഗത്തിൽ ഹൈഡ്രജൻ കണങ്ങൾ ചന്ദ്രനിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്.

ചന്ദ്രനിൽ നിന്നും അപ്പോളോ, ലൂണ, ചാങ് ഇ 5 ദൗത്യങ്ങൾ ഭൂമിയിലേക്കെത്തിച്ച 17 വസ്തുക്കളുടെ വിശദമായ പഠനമാണ് ചൈനീസ് ഗവേഷകർ നടത്തിയത്. ബഹിരാകാശത്തെ കാലാവസ്ഥയെ നിരന്തരം അഭിമുഖീകരിച്ചിരുന്ന ഈ വസ്തുക്കളുടെ 100 നാനോമീറ്റർ വരെയുള്ള കനത്തിന്റെ രാസഘടനയെക്കുറിച്ച് വിശദ പഠനങ്ങൾ നടത്തി. ഇതിൽ നിന്നും വളരെ ഉയർന്ന തോതിൽ ഹൈഡ്രജൻ കണങ്ങൾ അടങ്ങിയിട്ടുള്ളതായി കണ്ടെത്തി. സൗര കാറ്റ് വഴിയാണ് ഇത് സംഭവിച്ചിരിക്കുന്നതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

ഹൈഡ്രജൻ കണങ്ങളുടെ സാന്നിധ്യത്തിൽ താപനില പ്രധാനപ്പെട്ട പങ്കുവഹിക്കുന്നതായും തിരിച്ചറിഞ്ഞിട്ടുണ്ട്. ചന്ദ്രനിൽ പരമാവധി താപനില കുറവുള്ള ഉയർന്ന മേഖലകളിലും ഗർത്തങ്ങളിലും മഞ്ഞു രൂപത്തിലും മറ്റും ജലസാന്നിധ്യമുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്ക് ഈ കണ്ടെത്തലുകൾ സഹായകമാവുമെന്നാണ് പ്രതീക്ഷ. പിഎൻഎഎസ് ശാസ്ത്ര ജേണലിലാണ് പഠനത്തിന്റെ പൂർണരൂപം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Advertisement