ജപ്പാനിൽ പിടിമുറുക്കി കോവിഡ് എട്ടാം തരം​ഗം, ഒറ്റ ദിവസം 456 മരണങ്ങൾ

Advertisement

ടോക്കിയോ: കോവിഡ് മരണങ്ങളിൽ ഞെട്ടി ജപ്പാൻ. ഒറ്റ ദിവസം 456 കോവിഡ്‍ മരണങ്ങളാണു രാജ്യത്തു റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. വ്യാഴാഴ്ച മുതൽ 2,45,542 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 20,720 കേസുകൾ ടോക്കിയോയിൽ മാത്രമാണ്. കോവിഡ്‍ ബാധിച്ച് ഗുരുതരാവസ്ഥയിലായ 53 പേരെ ടോക്കിയോയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2022 ഡിസംബറിൽ 7,688 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. എട്ടാം തരംഗമാണ് ഇപ്പോൾ ജപ്പാനിലുണ്ടായിരിക്കുന്നതെന്നും നവംബർ മുതൽ കോവിഡ് വ്യാപനം കുത്തനെ വർധിക്കുകയുമാണെന്ന് അധികൃതർ പറഞ്ഞു. 2021ൽ അവസാന മൂന്നു മാസം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തേക്കാൾ 16 മടങ്ങ് അധികമാണ് കഴിഞ്ഞ വർഷം ഇതേ സമയമുണ്ടായത്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 31 മുതൽ ഡിസംബർ 27 വരെ മരണം സംഭവിച്ചവരിൽ 40.8 ശതമാനം പേരും 80 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. 90 വയസ്സിന് മുകളിൽ പ്രായമുള്ളവർ 34.7 ശതമാനവും 70ന് മുകളിലുള്ളവർ 17 ശതമാനവുമാണ്. ഈ മൂന്നു പ്രായത്തിലുംപെട്ട ആളുകളാണ് ആകെ മരണസംഖ്യയുടെ 92.4 ശതമാനവുമെന്നും അധികൃതർ പറഞ്ഞു.