ന്യൂയോർക്ക്: സാങ്കേതിക തകരാറിനെത്തുടർന്ന് യുഎസിൽ വ്യോമഗതാഗതം സ്തംഭിച്ചു. വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കി. വ്യോമഗതാഗതം പഴയതുപോലെ എപ്പോൾ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് വ്യക്തമല്ല. ആകെ 760 വിമാനങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് അവേർ റിപ്പോർട്ട് ചെയ്തു. ആയിരക്കണക്കിന് യാത്രക്കാരെയും ഇതു ബാധിച്ചിട്ടുണ്ടെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുഎസിലെ വ്യോമഗതാഗതം നിയന്ത്രിക്കുന്ന ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്എഎ) എയർ മിഷൻ സിസ്റ്റത്തിലാണ് (എൻഒടിഎഎം) തകരാർ കണ്ടെത്തിയത്. വിമാന ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങളാണ് ഇതിൽ ഉള്ളത്. ഇതു പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. തകരാർ കണ്ടെത്തിയതിനുപിന്നാലെയാണ് വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കിയത്.
യുഎസിലെങ്ങും യാത്രക്കാർ സമൂഹമാധ്യമങ്ങളിലൂടെ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. ഹവായ് മുതൽ വാഷിങ്ടൻ വരെ യുഎസിലെ എല്ലാ സ്ഥലങ്ങളിൽനിന്നും വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽനിന്ന് വ്യക്തമാകുന്നുണ്ട്. ഞെട്ടലുണ്ടാക്കുന്നതാണെന്നും ഇത്തരമൊരു അവസ്ഥയെക്കുറിച്ച് കേട്ടിട്ടില്ലെന്നും വ്യോമയാന മേഖലയിലെ വിദഗ്ധൻ പർവേസ് ഡാമനിയ പ്രതികരിച്ചു.