പ്രാകൃതമായ ശിക്ഷാരീതികളുമായി വീണ്ടും അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം, മോഷണക്കുറ്റം ആരോപിച്ച് നാലുപേരുടെ കൈകള്‍ വെട്ടിമാറ്റി,ജനക്കൂട്ടം സാക്ഷി

Advertisement

കാബൂള്‍ : ആധുനിക ലോകത്ത് നിരോധിക്കപ്പെട്ട പ്രാകൃതമായ ശിക്ഷാരീതികളുമായി വീണ്ടും അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം. മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടത്തെ സാക്ഷിയാക്കി നാലുപേരുടെ കൈകള്‍ താലിബാന്‍ വെട്ടിമാറ്റി.

കാണ്ഡഹാറിലെ അഹമ്മദ് ഷാഹി സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇതിന് പുറമേ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ഒമ്ബത് പേരെ ചാട്ടവാറിനടിക്കുകയും ചെയ്തു. മുപ്പത്തിയഞ്ച് മുതല്‍ മുപ്പത്തിയൊമ്ബത് തവണ വരെയാണ് ഓരോരുത്തര്‍ക്കും അടി നല്‍കിയത്.

ശിക്ഷ നടപ്പിലാക്കുന്നതിന് സാക്ഷിയാവാന്‍ സ്റ്റേഡിയത്തില്‍ നൂറുകണക്കിനാളുകളെയാണ് താലിബാന്‍ കൊണ്ടുവന്നത്. ഇവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, മതപുരോഹിതന്മാരും, നാട്ടുകാരും ഉണ്ടായിരുന്നു.

താലിബാന്റെ ശിക്ഷാരീതികളുടെ ചിത്രങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്റ്റേഡിയത്തിലെ പുല്‍മൈതാനത്ത് ശിക്ഷയും കാത്ത് ആളുകള്‍ ഇരിക്കുന്നതാണ് കാണാനാവുക. അഫ്ഗാന്‍ പത്രപ്രവര്‍ത്തകന്‍ താജുഡെന്‍ സൊറൂഷ് സംഭവത്തിന്റെ ഫോട്ടോ ട്വീറ്റ് ചെയ്തു. 1990കളിലെ പോലെ താലിബാന്‍ പരസ്യമായി ശിക്ഷിക്കാന്‍ തുടങ്ങിയെന്നും ചരിത്രം ആവര്‍ത്തിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഡിസംബറില്‍ താലിബാന്‍ പരസ്യമായി വധശിക്ഷ നടപ്പിലാക്കിയിരുന്നു. കൊലക്കുറ്റം ആരോപിച്ചായിരുന്നു ശിക്ഷ നടപ്പിലാക്കിയത്. താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ പൊതു വധശിക്ഷയായിരുന്നു ഇത്. കൊല്ലപ്പെട്ടയാളുടെ പിതാവാണ് തോക്ക് ഉപയോഗിച്ച് കൊലക്കേസ് പ്രതിയെ വെടിവച്ച് ശിക്ഷ നടപ്പിലാക്കിയത്. നൂറുകണക്കിനാളുകളും ഉന്നത താലിബാന്‍ ഉദ്യോഗസ്ഥരും സംഭവത്തിന് ദൃക്‌സാക്ഷിയായി എത്തിയിരുന്നുവെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

1 COMMENT

  1. കുറ്റം ചെയ്ത അന് ഇനി ചെയ്യാതിരിക്കാൻ ഉള്ള വഴിയാണ് നോക്കേണ്ടത് അല്ലാതെ കുറച്ച് നാൾ ജയിലിൽ ഇട്ട് തീറ്റിപ്പോറ്റാൻ അല്ല വേണ്ടത്….പിന്നെ പ്രാകൃത ശിക്ഷയെന്ന് തോന്നുന്നത് നിങ്ങൾക്ക്……
    പല കേസുകളിലും നീതി കിട്ടാതെ അലയുന്ന പാവങ്ങളോട് ചോദിക്കണം ഇങ്ങനെ ഉള്ള ശിക്ഷ വേണോ വേണ്ടയോ എന്ന്…

Comments are closed.