വൻ ശമ്പളം വാഗ്ദാനം ചെയ്തിട്ടും ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയ്ക്കു കുക്കിനെ കിട്ടാനില്ല

Advertisement

റിയാദ്: ഫുട്ബോൾ കരിയർ അവസാനിപ്പിക്കുന്ന ഘട്ടത്തിൽ പോ‍ർച്ചുഗലിൽ ജീവിക്കുമ്പോൾ ഭക്ഷണം പാകം ചെയ്യുന്നതിന് ഒരു പാചകക്കാരനെ കണ്ടെത്താൻ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു സാധിച്ചില്ല. വൻ ശമ്പളം വാഗ്ദാനം ചെയ്തു താരം കുക്കിനെ തിരയുന്ന വിവരം നേരത്തേ രാജ്യാന്തര മാധ്യമങ്ങളിൽ വാർത്തയായിരുന്നു. എന്നാൽ ഇതുവരെ താരത്തിനും കുടുംബത്തിനും പറ്റിയൊരു പാചകക്കാരനെ കണ്ടെത്താനായിട്ടില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും മുന്നോട്ടുവച്ച ചില ആവശ്യങ്ങളാണ് കുക്കിനെ ലഭിക്കാത്തതിനു കാരണം. പോർച്ചുഗീസ് ഭക്ഷണങ്ങളും രാജ്യാന്തര വിഭവങ്ങളും തയാറാക്കുന്ന പാചകക്കാരനെയാണ് സൂപ്പർ താരം അന്വേഷിക്കുന്നത്. കടൽ മത്സ്യങ്ങളും ജാപ്പനീസ് വിഭവമായ സുഷിയും ഉണ്ടാക്കാൻ അറിഞ്ഞിരിക്കണം. 4500 പൗണ്ടാണ് വാഗ്ദാനം ചെയ്ത ശമ്പളം (ഏകദേശം 4,54,159 ഇന്ത്യൻ രൂപ).

ഫുട്ബോൾ‌ അവസാനിപ്പിക്കുന്ന ഘട്ടത്തിൽ പോർച്ചുഗലിൽ തന്നെ താമസിക്കാനാണ് സൂപ്പർ താരവും പങ്കാളിയും തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പോർച്ചുഗലിൽ ഒരു വീടും ക്രിസ്റ്റ്യാനോ റൊണാൾഡോ നിർമിക്കുന്നുണ്ട്. സൗദി അറേബ്യ ക്ലബായ അൽ നസറിൽ രണ്ടു വർഷത്തെ കരാറിലാണു താരം കളിക്കുന്നത്. ക്ലബിനായി ഇറങ്ങിയ രണ്ടു മത്സരങ്ങളിലും ഗോൾ നേടാൻ റൊണാൾഡോയ്ക്കു സാധിച്ചിരുന്നില്ല.

Advertisement