അസ്വാഭാവികമായി കലപിലകൂട്ടി പറന്ന് പക്ഷികള്‍; ഭൂകമ്പത്തിന് തൊട്ടുമുൻപ് തുർക്കിയിൽ സംഭവിച്ചത്?

Advertisement

പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുന്നതിനു മുൻപുതന്നെ പക്ഷിമൃഗാദികൾക്ക് അപകടം മുൻകൂട്ടി അറിയാൻ സാധിക്കുമെന്ന് പറയപ്പെടുന്നു. ഇത്തരം അവസരങ്ങളിൽ അവ വിചിത്ര ശബ്ദത്തിൽ കരയുകയും അസ്വാഭാവികമായി പെരുമാറുകയും ചെയ്തതായുള്ള റിപ്പോർട്ടുകളും പുറത്തു വരാറുണ്ട്. ഇത് ശരിവയ്ക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തുർക്കിയിൽ ഭൂകമ്പം ഉണ്ടാകുന്നതിനു മുൻപായി പക്ഷികൾ അസ്വാഭാവികമായി തലങ്ങും വിലങ്ങും പറക്കുന്നതിന്റെ ദൃശ്യങ്ങൾ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്.

തുർക്കിയിലും സിറിയയിലും അനുഭവപ്പെട്ട ശക്തമായ ഭൂകമ്പത്തെ തുടർന്ന് മരണസംഖ്യ 4000 കടന്നതായി വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് പക്ഷികളുടെ ദൃശ്യങ്ങൾ പ്രചാരം നേടുന്നത്. ഒരു പ്രദേശത്ത് പക്ഷികൾ പല മരങ്ങളിലായി കൂട്ടം ചേർന്നിരിക്കുകയും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. അവ ഭയന്ന് നാലു പാടും ചിതറി പറക്കുന്നുമുണ്ട്. ഭൂകമ്പത്തിന് തൊട്ടുമുൻപുള്ള സംഭവം എന്നാണ് പോസ്റ്റിന് ഒപ്പമുള്ള കുറിപ്പിലെ വിശദീകരണം.

ഭൂകമ്പത്തെക്കുറിച്ചുള്ള വാർത്തകൾക്കൊപ്പം തന്നെ ഈ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ വളരെ വേഗം പിടിച്ചുപറ്റി. പ്രകൃതിയിലെ മറ്റു ജീവജാലങ്ങളെ നിരീക്ഷിച്ചാൽ നമുക്ക് ചുറ്റുമുണ്ടാകുന്ന മാറ്റങ്ങൾ വളരെ വേഗത്തിൽ തിരിച്ചറിയാനാകുമെന്ന് വ്യക്തമാക്കുന്ന വിഡിയോയാണ് ഇതെന്നാണ് പലരും വിശേഷിപ്പിക്കുന്നത്. ഇത്തരത്തിൽ ഒരു അപകടം വരാൻ പോകുന്നു എന്ന കാര്യം പക്ഷികളിലൂടെയും മൃഗങ്ങളിലൂടെയും പ്രകൃതി നമ്മെ അറിയിക്കുന്നതാണിതെന്നും പക്ഷേ ഈ മുന്നറിയിപ്പുകൾ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ മനുഷ്യന് സാധിക്കുന്നില്ലെന്നത് പരാജയമാണെന്നും മറ്റൊരാൾ കുറിക്കുന്നു.

എന്നാൽ ഈ ദൃശ്യത്തിൽ ആസ്വാഭാവികമായി ഒന്നുമില്ല എന്ന് വാദിക്കുന്ന പക്ഷവുമുണ്ട്. പക്ഷികൾ ഇത്തരത്തിൽ മരച്ചില്ലകളിൽ ഒരുമിച്ചു കൂടുകയും പല വഴി പറന്നു തിരികെ അതേ മരത്തിലേക്ക് എത്തുകയും ചെയ്യുന്നത് പലയിടങ്ങളിലും പതിവു കാഴ്ചയാണ് എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. കൂട്ടമായി ജീവിക്കുന്ന ചില ഇനത്തിൽപ്പെട്ട പക്ഷികളുടെ സാധാരണ സ്വഭാവരീതി എന്നതിനപ്പുറം മറ്റൊരു പ്രത്യേകതയും വിഡിയോയിക്കില്ലെന്നാണ് ഇവരുടെ അഭിപ്രായം.

അതേസമയം ഭൂകമ്പത്തിന് മുൻപായി മൃഗങ്ങളും പക്ഷികളും വിചിത്ര രീതിയിൽ പെരുമാറുന്നതായി നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ കണ്ടെത്തിയിട്ടുണ്ട് എന്ന് യുഎസിന്റെ ജിയോളജിക്കൽ സർവേ പറയുന്നു. 373 ബിസിയിൽ ഗ്രീസിൽ ഇത്തരം ഒരു സംഭവം ഉണ്ടായതായുള്ള ചരിത്രരേഖകളാണ് ഇക്കൂട്ടത്തിൽ ഏറ്റവും പഴക്കം ചെന്നത്. ഭൂകമ്പത്തിനു മുൻപായി വൈദ്യുതകാന്ത തരംഗങ്ങളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ ചില മൃഗങ്ങൾക്ക് സാധിക്കുന്നു. ഭൂമിയിൽ മാളങ്ങൾ തുരന്നുണ്ടാക്കി ജീവിക്കുന്ന ജീവികൾക്കാവട്ടെ ഭൂകമ്പം ഉണ്ടാവുന്നതിനു മുൻപായി ഭൂമിയിൽ അനുഭവപ്പെടുന്ന ചെറിയ മാറ്റങ്ങൾ പോലും വേഗത്തിൽ തിരിച്ചറിയാൻ സാധിക്കും. എന്നാൽ ഇതിനൊക്കെ അപ്പുറം ഒരു പ്രകൃതിദുരന്തം മുൻകൂട്ടി അറിയാനുള്ള സവിശേഷ ശക്തി പക്ഷിമൃഗാദികൾക്കുണ്ടോയെന്നത് ഇനിയും മനുഷ്യന് കണ്ടെത്താനാവാത്ത കാര്യമാണെന്നും ഗവേഷകർ പറയുന്നു.

Advertisement