ന്യൂഡൽഹി: ഭൂകമ്പത്തിൽ വ്യാപകനാശമുണ്ടായ തുർക്കിയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഇന്ത്യൻ ആർമിയിലെ സൈനിക ഉദ്യോഗസ്ഥയെ ചേർത്തുപിടിച്ച് തുർക്കി വനിത ചുംബിക്കുന്ന ചിത്രം വൈറൽ. ഇന്ത്യൻ ആർമിയുടെ അഡിഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷന്റെ (എഡിജി പിഐ) ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘വി കെയർ’ എന്ന അടിക്കുറിപ്പിനൊപ്പമാണ് ചിത്രം.
ഭൂകമ്പത്തെത്തുടർന്ന് തുർക്കിയെയും സിറിയയെയും സഹായിക്കാൻ ഇന്ത്യ ആരംഭിച്ച ‘ഓപറേഷൻ ദോസ്തി’നു കീഴിൽ, രണ്ട് രാജ്യങ്ങളിലേക്കും രക്ഷാപ്രവർത്തന സംഘങ്ങളെയും മെഡിക്കൽ ടീമുകളെയും അയച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യം ദുരിത മേഖലയിൽ ആശുപത്രി നിർമിക്കുന്നതിന്റെയും ഭൂകമ്പ ബാധിത മേഖലയിലെ താമസക്കാരെ ചികിത്സിക്കുന്നതിന്റെയും ചിത്രങ്ങൾ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ നേരത്തേ ട്വിറ്ററിൽ പങ്കുവച്ചിരുന്നു.
ഓപറേഷൻ ദോസ്തിന്റെ ഭാഗമായി രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ കിറ്റുകളടക്കം വഹിച്ച ആറ് വിമാനങ്ങളെയാണ് തുർക്കി, സിറിയ എന്നിവിടങ്ങളിലേക്ക് അയച്ചിരിക്കുന്നത്. ദുരിതാശ്വാസ സാമഗ്രികൾ, മരുന്ന്, സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾ, മൊബൈൽ ഹോസ്പിറ്റൽ എന്നിവ ഉൾപ്പെടെ ഓപറേഷൻ ദോസ്തിന്റെ ഭാഗമാണ്.
തുർക്കിയുടെ തെക്കുകിഴക്കൻ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലും തിങ്കളാഴ്ചയാണ് ഭൂകമ്പമുണ്ടായത്. 7.8 തീവ്രത രേഖപ്പെടുത്തിയ വൻഭൂകമ്പത്തിൽ മരണം 21,000 കടന്നു. ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നു. നിരവധി പേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.