മസ്കറ്റ്: ∙ കേരളം ഒരു പ്രതീക്ഷയില്ലാത്ത നാടായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പരിസ്ഥിതി– സാമൂഹിക പ്രവർത്തക ദയാബായി. സാധാരണക്കാരെ പിഴുതെറിഞ്ഞ് കോർപറേറ്റുകൾക്ക് അനുസൃതമായി കാര്യങ്ങൾ നീക്കി പണം കുന്നുകൂട്ടാൻ മാത്രമാണ് സർക്കാർ ശ്രമിക്കുന്നത്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം കേരളത്തിലില്ലെന്നും ദയാബായി പറഞ്ഞു. മസ്‌കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
എൽഡോസൾഫാൻ ഇരകൾക്കു വേണ്ടി സംസാരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അനുവദിച്ചില്ലെന്നും ദയാബായി പറഞ്ഞു. എൻഡോസൾഫാൻ വിഷയത്തിൽ സർക്കാർ തന്ന ഉറപ്പുകൾ പാലിക്കുമോയെന്ന് അറിയാൻ ഫെബ്രുവരി വരെ കാത്തിരിക്കുമെന്നും ഇല്ലെങ്കിൽ, വിഷയത്തിൽ വീണ്ടും ഇടപെടുമെന്നും അവർ അറിയിച്ചു. എയിംസിന് കാസർകോടിനെ പരിഗണിക്കാതിരിക്കുന്നതിനും പദ്ധതി കോഴിക്കോട്ടേക്ക് മാറ്റുന്നതിനും പിന്നിൽ ഭൂമാഫിയയാണെന്നും അവർ പറഞ്ഞു. കാസർകോട്ടെക്കാൾ ആശുപത്രികൾ കൂടുതലും രോഗികൾ കുറവുമുള്ള പ്രദേശമാണ് കോഴിക്കോട്. എയിംസ് സ്ഥപിക്കണമെങ്കിൽ 200 ഏക്കർ വേണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഇത്രയും സ്ഥലം കോഴിക്കോട് കിട്ടാൻ സാധ്യതയില്ലെന്നും അവർ കൂട്ടിച്ചേർത്തു.