ചൊവ്വാ യാത്രയ്ക്കുള്ള സ്റ്റാർഷിപ്പ് പരീക്ഷണം: 33 എൻജിനുകളിൽ 31 എണ്ണം വിജയിച്ചെന്ന് മസ്ക്

Advertisement

സ്‌പേസ് എക്‌സിന്റെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങൾക്ക് കരുത്തു പകരുന്ന സ്റ്റാർഷിപ്പ് റോക്കറ്റിന്റെ നിർണായക പരീക്ഷണം പൂർത്തിയായി. ഭൂമിയെ വലംവച്ചുള്ള വിക്ഷേപണത്തിന് മുന്നോടിയായി സ്റ്റാർഷിപ്പിന്റെ 33 എൻജിനുകൾ പ്രവർത്തിപ്പിച്ചുകൊണ്ടുള്ള പരീക്ഷണത്തിനിടെ രണ്ടെണ്ണം പ്രതീക്ഷിച്ച പോലെ പ്രവർത്തിച്ചില്ലെന്ന് ഇലോൺ മസ്‌ക് അറിയിച്ചു.

ഒരെണ്ണത്തിന്റെ പ്രവർത്തനം പരീക്ഷണത്തിനു മുൻപ് തന്നെ സ്‌പേസ്എക്‌സ് സംഘം അവസാനിപ്പിച്ചെങ്കിൽ മറ്റൊന്ന് പരീക്ഷണത്തിനിടെ പരാജയപ്പെടുകയായിരുന്നു. അതേസമയം, 31 എണ്ണം പൂർണമായും പ്രവർത്തിച്ചുവെന്നും റോക്കറ്റിനെ ബഹിരാകാശത്തേക്കെത്തിക്കുവാൻ ഇതു ധാരാളമാണെന്നും ഇലോൺ മസ്‌ക് അറിയിച്ചു.

തറയിൽ ഉറപ്പിച്ച നിലയിൽ ഏതാനും സെക്കൻഡുകൾ മാത്രം നീണ്ടു നിൽക്കുന്ന പരീക്ഷണഫലം സ്റ്റാർഷിപ്പിന്റെ നിർമാണ പുരോഗതിയിൽ നിർണായകമാണ്. മനുഷ്യൻ നിർമിച്ചതിൽ വച്ച് ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് സ്റ്റാർഷിപ്പ്. കഴിഞ്ഞ നവംബറിൽ സ്‌പേസ്എക്‌സ് നടത്തിയ സ്റ്റാർഷിപ്പ് റോക്കറ്റ് എൻജിനുകളുടെ പരീക്ഷണം വിജയമായിരുന്നു. എന്നാൽ അന്ന് 14 എൻജിനുകൾ മാത്രമാണ് പരീക്ഷിച്ചിരുന്നത്. ഇത്തവണ പൂർണ സജ്ജമായ പരീക്ഷണത്തിനിടെയാണ് രണ്ട് എൻജിനുകൾ പണി മുടക്കിയത്. നാസയുടെ ആർട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായി മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നത് സ്റ്റാർഷിപ്പ് റോക്കറ്റ് ഉപയോഗിച്ചായിരിക്കും. എന്നാൽ ചാന്ദ്ര ദൗത്യത്തിന് മുന്നോടിയായി സ്‌പേസ് എക്‌സിനും സ്റ്റാർഷിപ്പിനും നിരവധി പരീക്ഷണ കടമ്പകൾ മറികടക്കേണ്ടതുണ്ട്.

നൂറിലേറെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ മനുഷ്യരേയും വഹിച്ചുകൊണ്ട് സ്റ്റാർഷിപ്പിന് പറന്നുയരാനാവൂ എന്ന് സ്‌പേസ്എക്‌സ് പ്രസിഡന്റ് ഗ്വൻ ഷോട്ട്‌വെൽ പറഞ്ഞിരുന്നു. എഫ്എഎയുടെ വാർഷിക കൊമേഴ്‌സ്യൽ സ്‌പേസ് ട്രാൻസ്‌പോർട്ടേഷൻ കോൺഫറൻസിൽ വെച്ചായിരുന്നു ഗ്വൻ ഷോട്ട്‌വെലിന്റെ പ്രതികരണം. ആദ്യ വിക്ഷേപണത്തിലെ യഥാർഥ വെല്ലുവിളി തിരിച്ചിറങ്ങുമ്പോൾ പൊട്ടിത്തെറിക്കാതെ നോക്കുക എന്നതാണെന്നും അവർ തുറന്നു പറഞ്ഞിരുന്നു. നേരത്തേ നടത്തിയ സ്റ്റാർഷിപ്പിന്റെ പല പരീക്ഷണങ്ങളും പൊട്ടിത്തെറിയിലാണ് അവസാനിച്ചിരുന്നത്.

അതിവേഗത്തിൽ നിർമിക്കാവുന്ന രീതിയിലാണ് സ്റ്റാർഷിപ്പിനെ സ്‌പേസ്എക്‌സ് ഒരുക്കുന്നത്. 100 പേരെ വരെ വഹിക്കാൻ ശേഷിയുള്ള കൂറ്റൻ റോക്കറ്റാണ് സ്റ്റാർഷിപ്പ്. ഓരോ വർഷവും 100 സ്റ്റാർഷിപ്പുകൾ നിർമിക്കുകയാണ് ലക്ഷ്യമെന്ന് ഇലോൺ മസ്‌ക് പറഞ്ഞിരുന്നു. ചൊവ്വയിൽ മനുഷ്യ കോളനി സ്ഥാപിക്കുകയെന്ന വലിയ ലക്ഷ്യത്തിന് വേണ്ടിയാണ് ഈ വിപുലമായ റോക്കറ്റ് നിർമാണ പദ്ധതി. ബഹിരാകാശ സഞ്ചാരികളേയും വഹിച്ചുള്ള യാത്രയ്ക്ക് പുറമേ ബഹിരാകാശ പേടകങ്ങളിലേക്ക് ചരക്കെത്തിക്കാനും സ്റ്റാർഷിപ്പ് റോക്കറ്റിന് സാധിക്കും.

പുനരുപയോഗിക്കാൻ സാധിക്കുന്നതിനാൽ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ ചെലവ് മറ്റു റോക്കറ്റുകളുടേതിനെ അപേക്ഷിച്ച് കുറവാണ്. പരീക്ഷണത്തിനിടെ രണ്ട് എൻജിനുകൾ പ്രവർത്തിക്കാതിരുന്നതിന്റെ കാരണങ്ങളും പരീക്ഷണത്തിനിടെ ലഭിച്ച വിവരങ്ങളും സ്‌പേസ്എക്‌സ് പരിശോധിക്കും. ടെക്‌സസിലെ ബോകചിക്കയിൽ വച്ചു നടത്തിയ പരീക്ഷണത്തിൽ റോക്കറ്റ് വിക്ഷേപണ തറക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചോ എന്നും പരിശോധിക്കും. മാർച്ചിൽ ഭൂമിയെ വലംവച്ചുകൊണ്ടുള്ള പരീക്ഷണം സ്റ്റാർഷിപ്പ് നടത്തുമെന്നാണ് ഇലോൺ മസ്‌ക് പ്രഖ്യാപിച്ചിട്ടുള്ളത്.

Advertisement