അവിവാഹിതയായ അമ്മയുടെ മകളായി ജനിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ചു വരെ ചിന്തിക്കുന്നതായി കുറിപ്പ്. ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും തനിക്ക് നഷ്ടമായെന്നും തന്റെ മാതാപിതാക്കളെ കണ്ടെത്താൻ സഹായിക്കണമെന്നും 24കാരി പങ്കുവച്ച കുറിപ്പിൽ പറയുന്നു . ഹ്യുമൻസ് ഓഫ് ബോംബെയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് കുറിപ്പു പങ്കുവച്ചത്.
കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘എന്റെ എല്ലാ പ്രതീക്ഷകളും നഷ്ടമായി. നിങ്ങൾ എന്നെ സഹായിക്കണം. ഇന്ത്യക്കാരിയായ അവിവാഹിതയായ ഒരു അമ്മയുടെ മകളാണ് ഞാൻ. ഇരുപതു വയസ്സുള്ളപ്പോഴാണ് അവർ എനിക്കു ജന്മം നൽകിയത്. എന്റെ അറിവിൽ അവരുടെ പേര് രേഖ എന്നാണ്. അമരാവതിയിലാണ് ഞാൻ ജനിച്ചത്. എന്റെ പിതാവിനെ കുറിച്ച് എനിക്ക് ഒരു അറിവും ഇല്ല. എനിക്ക് കൂടപ്പിറപ്പുകൾ ഉണ്ടോ എന്ന് അറിയില്ല. ഇങ്ങനെ ഒരു മകളുണ്ടെന്ന കാര്യം എന്റെ അമ്മയ്ക്ക് ചിലപ്പോൾ മറച്ചു വയ്ക്കേണ്ടി വന്നിട്ടുണ്ടാകും.
എന്റെ ജീവിതത്തെ കുറിച്ച് എനിക്ക് ഇക്കാര്യങ്ങൾ മാത്രമാണ് അറിയുന്നത്. എന്നെ ദത്തെടുത്തവരാണ് ചെറിയകുട്ടിയായിരിക്കുമ്പോൾ ഇക്കാര്യങ്ങൾ എന്നോടു പറഞ്ഞത്. അവർ സ്വിറ്റ്സർലാൻഡിലാണ് ഉള്ളത്. എന്നെ ദത്തെടുത്തി വളർത്തിയതാണ്. അവർക്കൊപ്പമാണ് വളർന്നത്. ഇവിടെ എനിക്കൊരു സഹോദരിയുണ്ട്. എനിക്കു വേണ്ടതെല്ലാം അവർ നൽകി. ഉയർന്ന വിദ്യാഭ്യാസം നൽകി. ഫോട്ടോഗ്രാഫിയിലും യാത്ര ചെയ്യുന്നതിലുമുള്ള എന്റെ താത്പര്യം പറഞ്ഞപ്പോൾ അതിനും അവർ കൂടെ നിന്നു.
പക്ഷേ, എന്റെതായ ഒരിടം കണ്ടെത്തുന്നതിനായി ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു. ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു എന്റെ കുട്ടിക്കാലം. ദത്തെടുക്കപ്പെട്ടതിന്റെ പ്രശ്നങ്ങൾ എനിക്കുണ്ടായിരുന്നു. എനിക്കു ചുറ്റിലുമുള്ളവർ എന്നെ വെറുക്കുമോ എന്ന് ഞാൻ എല്ലാ സമയത്തും ചിന്തിച്ചുകൊണ്ടിരുന്നു. ഈ ചിന്ത എനിക്ക് മാനസിക പ്രശ്നങ്ങളുണ്ടാക്കി. 34 തവണ ഞാൻ വിഷാദരോഗത്തിനും ഉത്കണ്ഠയ്ക്കും ചികിത്സ തേടിയിട്ടുണ്ട്. ക്ലാസ്മുറികളെക്കാൾ ഞാൻ ചിലവഴിച്ചത് ആശുപത്രി മുറികളിലാണ്.
അതുകൊണ്ടു തന്നെ എന്റെ വേരുകൾ എവിടെയാണെന്ന് എനിക്കു കണ്ടെത്തണം. ആരാണ് എന്റെ യഥാർഥത്തിലുള്ള മാതാപിതാക്കളെന്ന് അറിയണം. സ്വിറ്റ്സർലാൻഡിലെ മാതാപിതാക്കൾ എന്നെ ദത്തെടുത്ത മുംബൈയിലെ അനാഥാലയത്തിൽ ഞാൻ അന്വേഷിച്ചു. ഈ ദത്തെടുക്കലിനു സഹായിച്ച നിയമ വിദഗ്ധനോടും അന്വേഷിച്ചു. പക്ഷേ, ഞാൻ പരാജയപ്പെട്ടു. അതെന്റെ ഹൃദയം തകർത്തു. ചില സമയം ഞാൻ ഈ ഭൂമിയിൽ ജീവിക്കാൻ അർഹതയില്ലാത്ത വ്യക്തിയാണെന്നു വരെ എനിക്കു തോന്നി.
എന്റെ യഥാർഥ മാതാപിതാക്കളെ കണ്ടെത്താൻ കഴിയും ചിന്തയിലാണ് ഓരോദിനവും കടന്നു പോകുന്നത്.ഞാൻ ആരാണെന്നു മനസ്സിലാക്കി അവർ എന്നെ സ്വീകരിക്കും. ജീവിതത്തിൽ ഒരിക്കലെങ്കിലും എന്റെ യഥാർഥത്തിലുള്ള അമ്മയെ കാണണം എന്നാണ് എന്റെ ആഗ്രഹം. അവരെ കെട്ടിപ്പിടിക്കണം. അവർ എന്നെ ചേർത്തു പിടിക്കണം. കഴിഞ്ഞ 24 വർഷം ഞാൻ ജവിച്ചത് എങ്ങനെയാണെന്ന് അവരോടു പറയണം.
ഈ യാത്രയിൽ നിങ്ങളുടെ ഓരോരുത്തരുടെയും സഹായം എനിക്ക് ആവശ്യമാണ്. ഇന്ത്യയിലെ എന്റെ യഥാർഥ മാതാപിതാക്കളെ കണ്ടെത്താൻ എന്നെ സഹായിക്കണം. ദത്തെടുത്തു വളർത്തിയ എന്റെ മാതാപിതാക്കളോട് എനിക്ക് എന്നും നന്ദിയുണ്ടാകും. പക്ഷേ, ഇപ്പോൾ എനിക്ക് എന്റെ ബയോളജിക്കൽ മാതാപിതാക്കളെ കണ്ടെത്തണം. എന്റെ വേരുകൾ കണ്ടെത്തണം. എല്ലാ മനുഷ്യരെയും പോലെ രക്തബന്ധത്തിലുള്ള ആരെങ്കിലും എനിക്കും ഉണ്ടെന്ന് ബോധ്യപ്പെടാൻ മാത്രം.’