കിമ്മിന്റെ മകളുടെ പേരുള്ളവർ ഉടൻ പേരു മാറ്റാൻ ഉത്തരവ്

Advertisement

സോൾ: ഉത്തര കൊറിയയിൽ ഏകാധിപതി കിം ജോങ് ഉന്നിന്റെ മകളുടെ പേര് മറ്റുള്ളവർ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതായി റിപ്പോർട്ട്. കിം ജോങ് ഉന്നിന്റെ മകൾ ജു എയുടെ അതേ പേരുള്ളവർ അടിയന്തരമായി പേരു മാറ്റാൻ നിർദ്ദേശം നൽകിയതായാണ് വിവരം. മാത്രമല്ല, ജനിക്കുന്ന കുട്ടികൾക്ക് ഇനിമുതൽ ആ പേര് ഇടുന്നതും വിലക്കി. കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിക്കുമെന്ന സൂചന ശക്തമാണ്. ഇതിന്റെ മുന്നോടിയാണ് ഈ നടപടിയെന്നാണ് അഭ്യൂഹം.

ജു എ എന്നു പേരുള്ളവർ അടിയന്തരമായി ജനന സർട്ടിഫിക്കറ്റിൽ ഉൾപ്പെടെ പേരു മാറ്റാൻ പ്രാദേശിക ഭരണകൂടം നിർദ്ദേശം നൽകിയതായി ഉത്തര കൊറിയയിൽനിന്നുള്ള പേരു വെളിപ്പെടുത്താത്ത സ്രോതസുകളെ ഉദ്ധരിച്ച് റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്തു.

‘‘ജിയോഗ്ജു നഗരത്തിൽ ജു എ എന്ന പേരിൽ റജിസ്ട്രേഷൻ വിഭാഗത്തിൽ പേരു റജിസ്റ്റർ ചെയ്ത യുവതികളെ കഴിഞ്ഞ ദിവസം വിളിച്ചുവരുത്തിയ സുരക്ഷാ വിഭാഗം, അടിയന്തരമായി പേരു മാറ്റാൻ നിർദ്ദേശം നൽകി. ഒരാഴ്ചയ്ക്കുള്ളിൽ പേരു മാറ്റണമെന്നാണ് നിർദ്ദേശം’ – റിപ്പോർട്ടിൽ പറയുന്നു.

മുൻപും ഉത്തര കൊറിയയിലെ നേതാക്കളുടെ പേരുകൾ ഉപയോഗിക്കുന്നതിൽനിന്ന് രാജ്യത്തെ ജനങ്ങളെ വിലക്കിയിട്ടുണ്ട്. കിം ജോങ് ഉൻ എന്ന പേര് ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതായി 2014ൽ സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.

അടുത്തിടെ, ഉത്തര കൊറിയൻ സൈന്യത്തിന്റെ 75–ാം വാർഷികത്തിൽ കിം ജോങ് ഉൻ മകളോടൊപ്പം പ്രത്യക്ഷപ്പെട്ടത് വാർത്തയായിരുന്നു. കഴിഞ്ഞ നവംബറിലും മകൾ ജു എയ്ക്കൊപ്പം കിം മിസൈൽ വിക്ഷേപണം നിരീക്ഷിക്കാനെത്തിയിരുന്നു. അന്ന് ഭാര്യ റി സോൾ ജുവും ഒപ്പമുണ്ടായിരുന്നു.

Advertisement