പാക്കിസ്ഥാനിൽ ചാവേറായ യുവതി അറസ്റ്റിൽ; സ്ഫോടകവസ്തുക്കൾ നിറച്ച ജാക്കറ്റ് കണ്ടെടുത്തു

Advertisement

ഇസ്‌ലാമാബാദ് : ചാവേർ ആക്രമണത്തിനു പദ്ധതിയിട്ടെത്തിയ യുവതിയെ പാക്കിസ്ഥാനിലെ പ്രശ്നബാധിത മേഖലയായ ബലൂചിസ്ഥാനിൽ സുരക്ഷാസേന അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ ബലൂച് ലിബറേഷൻ ഫ്രണ്ട് അംഗമായ മഹ്ബൽ ആണു ബലൂച് തലസ്ഥാനമായ ക്വറ്റയിൽനിന്നു പിടിയിലായത്. ഇവരിൽനിന്ന് അഞ്ച് കിലോഗ്രാം സ്ഫോടകവസ്തുക്കൾ നിറച്ച ജാക്കറ്റ് കണ്ടെടുത്തു.

കഴിഞ്ഞ വെള്ളിയാഴ്ച കറാച്ചി പൊലീസ് ആസ്ഥാന മന്ദിരത്തിനുനേരെ തെഹ്‌രികെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) നടത്തിയ ആക്രമണത്തിൽ മൂന്ന് ഭീകരർ ഉൾപ്പെടെ ഏഴു പേരാണു കൊല്ലപ്പെട്ടത്. അഫ്ഗാൻ അതിർത്തിയോടു ചേർന്ന ഗോത്ര മേഖലകളി‍ൽനിന്നുള്ള സലാ നൂർ, കിഫയത്തുല്ല എന്നിവരാണു ഭീകരാക്രമണത്തിനു പിന്നിലെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലിൽ, ബലൂചിസ്ഥാനിൽനിന്നുള്ള വനിതാ ചാവേർ കറാച്ചി സർവകലാശാലയുടെ പ്രവേശനകവാടത്തിൽ സ്ഫോടനം നടത്തി 4 പേരെ കൊലപ്പെടുത്തിയിരുന്നു.

Advertisement