റിയാദ്. മേഖലാ ആസ്ഥാനം സൗദിയിലേക്ക് മാറ്റുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്ക് നികുതി ഇളവ് നല്കുമെന്ന് സൌദി നിക്ഷേപ മന്ത്രാലയം. പ്രമുഖ കമ്പനികളുടെ ആസ്ഥാനം സൌദിയിലേക്ക് കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് ഈ ഇളവ്. എണ്‍പതോളം കമ്പനികള്‍ തങ്ങളുടെ മേഖലാ ആസ്ഥാനം സൌദിയിലേക്ക് മാറ്റാന്‍ ഇതിനകം തീരുമാനിച്ചു.
ബഹുരാഷ്ട്ര കമ്പനികളുടെ മേഖലാ ആസ്ഥാനം സൌദിയിലേക്ക് മാറ്റാന്‍ പ്രേരിപ്പിക്കുകയാണ് സൌദി നിക്ഷേപ മന്ത്രാലയം. സൗദിയെ കൂടുതല്‍ നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യം. ഈ വര്‍ഷം തങ്ങളുടെ ആസ്ഥാനം സൗദിയിലേക്ക് മാറ്റുന്ന കമ്പനികള്‍ക്ക് നികുതിയിനത്തില്‍ ഇളവ് അനുവദിക്കുമെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ് അറിയിച്ചു. ബ്രിട്ടിഷ് പത്രമായ ഫിനാന്‍ഷ്യല്‍ ടൈംസുമായുള്ള അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുസംബന്ധമായ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
സൗദിയില്‍ വിദേശ നിക്ഷേപങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള നിയന്ത്രണം നേരത്തെ ശക്തമായിരുന്നതിനാല്‍ മേഖലയില്‍ സജീവ സാന്നിധ്യമായ പല ബഹുരാഷ്ട്ര കമ്പനികളുടെയും മേഖലാ ആസ്ഥാനം യു.എ.ഇ ഉള്‍പ്പെടെ സമീപ രാജ്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. നിക്ഷേപ നിയമം സുതാര്യമാക്കിയതോടെയാണ് ആസ്ഥാനം സൌദിയിലേക്ക് മാറ്റാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ മേഖലാ ആസ്ഥാനമുള്ള കമ്പനികള്‍ക്ക് സൌദിയില്‍ സാധാരണ പോലെ തുടരാന്‍ തടസ്സമില്ലെന്നും മന്ത്രി പറഞ്ഞു.
കമ്പനികളെ സൗദിയിലേക്ക് ആകര്‍ഷിക്കുന്നതിന് നിക്ഷേപ മന്ത്രാലയവും റിയാദ് റോയല്‍ കമ്മീഷനും സംയുക്തമായി റീജ്യണല്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് പ്രോഗ്രാം എന്ന പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. യൂനിലിവര്‍, സീമന്‍സ് എന്നിവ ഉള്‍പ്പെടെ 80 ഓളം കമ്പനികള്‍ക്ക് അവരുടെ മേഖലാ ആസ്ഥാനം സൌദിയിലേക്ക് മാറ്റാനുള്ള ലൈസന്സ് അനുവദിച്ചിട്ടുണ്ട്